ചെന്നൈ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (വി.ഐ.ടി) ഇത്തവണ എം.ടെക്, എം.സി.എ പ്രവേശനം വിദ്യാർത്ഥികളുടെ ബിരുദ പഠന മികവ് പരിഗണിച്ച് നടത്തും. ലോക്ക്ഡൗണിൽ പ്രവേശന പരീക്ഷ നടത്താനാവാത്ത സാഹചര്യത്തിലാണിത്. പ്രവേശനത്തിനായി വിദ്യാർത്ഥികൾ www.vit.ac.in. വെബ്‌സൈറ്റിൽ അപേക്ഷിക്കണം. അവസാനതീയതി ജൂൺ 20.

ഇതിനകം അപേക്ഷിച്ചവർക്ക് ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ ഒഴികെയുള്ള വിശദാംശങ്ങൾ പരിഷ്‌കരിക്കാൻ ഓപ്ഷനുണ്ട്. 'ഗേറ്ര്" യോഗ്യതയുള്ളവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. മറ്റുള്ളവർക്ക് ഡിഗ്രി മികവ് പരിഗണിച്ചായിരിക്കും പ്രവേശനം. ഓൺലൈനിലായിരിക്കും പ്രവേശന നടപടികൾ. ക്ളാസുകൾ ആഗസ്‌റ്റ് മൂന്നിന് ആരംഭിക്കും. വെല്ലൂർ, ആന്ധ്രപ്രദേശ്, ഭോപാൽ കാമ്പസുകളിൽ 23 എം.ടെക് പ്രോഗ്രാമുകളാണ് വി.ഐ.ടി നൽകുന്നത്. 12-ാം ക്ളാസ് പഠനം പൂർത്തിയാക്കിയവർക്ക് വി.ഐ.ടിയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംടെക്, എം.എസ്.സി പ്രോഗ്രാമുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.