തമിഴ് സംവിധായകൻ എ.എൽ. വിജയ് ആൺകുഞ്ഞിന്റെ അച്ഛനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വിജയ്‌യോടുള്ള അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ സഹോദരനും നടനുമായ ഉദയ ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് 11നായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. ഡോക്ടറായി ജോലി ചെയ്യുകയാണ് ഐശ്വര്യ.
തമിഴിൽ കിരീടം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകനാണ് എ.എൽ. വിജയ്. പിന്നാലെ മദിരാശി പട്ടണം എന്ന ചിത്രമാണ് ശ്രദ്ധേയനാക്കിയത്. ആര്യ നായകനായ ചിത്രം അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദിരാശി പട്ടണത്തിന് പിന്നാലെ ദൈവത്തിരുമകൾ, താണ്ഡവം, തലൈവ, സെയ്വം, ഇത് എന്ന മായം, ദേവി, വനമകൻ, ദിയ, തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു.
2014ൽ ആയിരുന്നു അമല പോളുമായുളള എ.എൽ. വിജയുടെ വിവാഹം നടന്നത്. ചിയാൻ വിക്രം നായകനായ ദൈവത്തിരുമകൾ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. പിന്നാലെ വിവാഹിതരായി. പിന്നീട് മൂന്ന് വർഷങ്ങൾക്കുശേഷം 2017ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.