-vaccine

ബീജിംഗ്: ലോകമാകെ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം കൊവിഡ് രോഗപ്രതിരോധത്തിന് വാക്സിനുള്ള പരീക്ഷണങ്ങൾ ശക്തമായി പല രാജ്യങ്ങളിലായി നടക്കുകയാണ്. ഇക്കൂട്ടത്തിൽ രോഗം ആരംഭിച്ച ചൈനയിലുമുണ്ട് പരീക്ഷണങ്ങൾ. ചൈനീസ് സർക്കാർ അധീനതയിലുള്ള പൊതുമുതൽ ഭരണ-മേൽനോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ് വാക്സിനെ കുറിച്ചുള്ള പുതിയ വിവരമുള്ളത്.

ബീജിംഗ് ഇൻസ്റ്റിറ്ര്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സും ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്ന് കണ്ടെത്തിയ വാക്സിൻ രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി. ഇവ വിപണിയിൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ എത്തുമെന്നാണ് റിപ്പോർട്ട്. ഇന്നുമുതൽ ആരംഭിക്കുന്ന വാക്സിൻ നിർമ്മാണം പൂ‌ർണ്ണമായും അണുവിമുക്തമായ സാഹചര്യത്തിലാകും.

ഇത്തരത്തിൽ 10 കോടി മുതൽ 12 കോടി വരെ വാക്സിനുകൾ പ്രതിവർഷം നിർമ്മിക്കാനാണ് ശ്രമം. നൂറോളം കമ്പനികളാണ് ലോകമാകെ കൊവിഡ് വാക്സിൻ കണ്ടെത്താൻ നിരന്തര പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നത്. ഇതിൽ ചൈനയിലെ അഞ്ച് കമ്പനികൾ മനുഷ്യനിലെ പരീക്ഷണ ഘട്ടം വരെയെത്തി നിൽക്കുന്നു. ലോകത്ത് ആദ്യ കൊവിഡ് വാക്സിൻ കണ്ടെത്താൻ പൂർണസമയം നിരീക്ഷണങ്ങളാണ് ചൈന നടത്തുന്നത്.

വാക്സിൻ കണ്ടെത്തിയാൽ മനുഷ്യരാശിയുടെ നന്മക്ക് ലോകം മുഴുവൻ അത് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അറിയിച്ചിട്ടുണ്ട്. നിർവീര്യമാക്കിയ കൊവിഡ് രോഗാണുവിനെ ഉപയോഗിച്ചാണ് പുതിയ വാക്സിൻ നി‌ർമ്മിച്ചിരിക്കുന്നത്.