20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചും നയങ്ങളിലും നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയും ഉത്പാദന മേഖലകളെ ത്രസിപ്പിക്കാനുള്ള ഉദ്യമങ്ങൾക്കാണ് കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിൽ ഉൗന്നൽ. അവയിൽ നല്ലൊരു പങ്കും ഫലം ലഭിക്കാൻ സമയമെടുക്കും. തൽസമയം ആശ്വാസമെത്തിക്കാനുള്ള ഏതാനും നീക്കങ്ങൾക്കും പാക്കേജിൽ ഇടം നൽകിയിട്ടുണ്ട്. നയപരിഷ്കരണങ്ങളുടെ കാര്യത്തിൽ ഒരു സൈക്കോളോജിക്കൽ മൂവ് ആണ് സർക്കാർ നടത്തിയത്. സാധാരണ സമയത്ത് കാര്യമായ എതിർപ്പിന് വിധേയമാകുമായിരുന്ന മാറ്റങ്ങൾക്ക്, മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ മാനസികാവസ്ഥയിൽ സ്വീകാര്യത ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് സർക്കാരിന്റേത്.
സ്വകാര്യരംഗം ബഹിരാകാശം, പ്രതിരോധം, ആണവമേഖല തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളടക്കം സമസ്ത തുറകളിലേക്കും സ്വകാര്യമേഖലയ്ക്ക് പ്രവേശന സ്വാതന്ത്ര്യം അനുവദിച്ചതാണ് ഒരു പ്രധാന നീക്കം. മറ്റ് വികസിത ഇന്ത്യയും ആ വഴിക്ക് നീങ്ങുന്നത് കാലത്തിന് ഒപ്പമുള്ള സഞ്ചാരമാകുന്നു. അതുപോലെതന്നെ ആണവരംഗത്തെ ശക്തികളായ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സജീവമാണ്. മാരക രോഗ ശുശ്രൂഷയിലെ വലിയ സഹായിയായിട്ടുള്ള ആണവ ഐസോടോപ്പുകൾ, കാർഷിക ഉത്പന്നങ്ങളുടെ 'ഷെൽ ലൈഫ്" വർദ്ധിപ്പിക്കാനുതകുന്ന സങ്കേതങ്ങൾ തുടങ്ങിയവ വികസിപ്പിച്ചെടുക്കാനും, ഉത്പാദിപ്പിക്കാനും പൊതുമേഖല മാത്രം പര്യാപ്തമാകില്ല. അതിനാൽ, ഇൗ കളരിയിലേക്ക് സ്വകാര്യ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് വഴിയൊരുക്കുന്ന നടപടി സ്വാഗതാർഹമാകുന്നു. പക്ഷേ, ഇൗ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ സംരംഭകർക്കുകൂടി ഇടം നൽകുമ്പോൾ, അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും റെഗുലേറ്ററി അതോറിട്ടികളെകൂടി നിയമിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് കരുതാം.
പ്രതിരോധരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും അതിന്റെ ലക്ഷ്യം സ്വയം പര്യാപ്തത കൈവരിക്കുകയാണെന്നും പ്രസ്താവിക്കുന്നതിനോടൊപ്പം, ഇൗ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ അളവ് 49 ശതമാനത്തിൽനിന്ന് 74 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിക്കുന്നതും തമ്മിൽ പൊരുത്തക്കേട് അനുഭവപ്പെടുന്നു. കൽക്കരി മേഖല ഇന്ത്യയുടെ പ്രധാന ഉൗർജ്ജ സ്രോതസ്സായ കൽക്കരി മേഖല, 1970 കളുടെ തുടക്കത്തിൽ പൂർണമായി ദേശസാൽക്കരിക്കുകയും കോൾ ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂഗർഭത്തിലുള്ള കൽക്കരിശേഖരത്തിന്റെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനമുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിനുള്ള കൽക്കരി അത്രയും ഖനനം നടത്തിയെത്തിക്കാൻ കോൾ ഇന്ത്യയ്ക്ക് കഴിയാതെവന്നു. അതിനാൽ ഒരുവർഷം 1.7 ലക്ഷം കോടി രൂപയ്ക്കുള്ള കൽക്കരി ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇൗ സാഹചര്യത്തിലാണ് 2018 ൽ കേന്ദ്രസർക്കാർ കൽക്കരി മേഖലയുടെ ദേശസാൽക്കരണം റദ്ദാക്കിക്കൊണ്ട് സ്വകാര്യ സംരംഭങ്ങളുടെ കടന്നുവരവിനുള്ള നിയമം പാസാക്കിയത്. പക്ഷേ, തുടർ നടപടികൾ ഉണ്ടായില്ല.
അതിനാണിപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്: ഉടൻതന്നെ 50 കൽക്കരി ബ്ളോക്കുകൾ, സർക്കാരുമായി വരുമാനം പങ്കുവയ്ക്കൽ എന്ന വ്യവസ്ഥയിൽ സ്വകാര്യ സംരംഭകർക്ക് അനുവദിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, ഇൗ രംഗത്തും റെഗുലേറ്ററി അതോറിട്ടിയുടെ നിയമനം അനിവാര്യമാണ്. ചെറുകിട സംരംഭങ്ങൾ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിർവചനം പരിഷ്കരിച്ചത് കൂടുതൽ സ്ഥാപനങ്ങളെ ഇൗ കുടക്കീഴിൽ എത്തിക്കാനും ഇൗ രംഗത്തെ ആനുകൂല്യങ്ങൾ അവർക്ക് കൂടി തരപ്പെടുത്താനും ഇടയാക്കും. 200 കോടിരൂപവരെയുള്ള ആവശ്യങ്ങൾക്ക് ആഗോള ടെൻഡർ ഒഴിവാക്കുമെന്ന തീരുമാനവും ഇൗ മേഖലയ്ക്ക് തുണയാകും. 1955 ലെ അവശ്യവസ്തു നിയമത്തിൻകീഴിലുള്ള ഭക്ഷ്യസാധനങ്ങളുടെ നിയന്ത്രണം നീക്കുമെന്ന പരിഷ്കാരം കർഷകർക്കും, വ്യാപാരികൾക്കും ഗുണകരമാകുമെങ്കിലും, ഇൗ രംഗത്തെ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, എന്നീ ദോഷങ്ങൾ തടയുന്നതിന് തടസമാകും. ആരോഗ്യ മേഖല കൊവിഡ് പ്രതിരോധത്തിന്റെ അനുഭവപാഠം ആരോഗ്യരംഗത്തെ പൊതുസംരംഭങ്ങളുടെ പ്രാധാന്യം ചൊല്ലിത്തരുന്നതാണ്. എന്നാൽ, പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ പാക്കേജിലുണ്ടെങ്കിലും അവ അപരാപ്ത്യമാകുന്നു. മഹാമാരിയുടെ കെടുതികളാൽ, അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോയവരും ജീവിക്കാനുള്ള വക ഇല്ലാതായതും 25 കോടിയോളം വരുന്ന കുടിയേറ്റത്തൊഴിലാളികൾ, ദിവസവേതനക്കാർ, അസംഘടിത മേഖലയിലെ പണിക്കാർ എന്നിങ്ങനെയുള്ളവരാണ്. ഇക്കൂട്ടർക്ക് നേരിട്ട് കാശെത്തിച്ചുകൊണ്ട് ആശ്വാസം അരുളുന്നതിനൊപ്പം അതുവഴി, ഉപഭോഗ ആവശ്യങ്ങൾ ജ്വലിപ്പിച്ചുകൊണ്ട് വളർച്ചയ്ക്കുള്ള പാത ഒരുക്കാനുള്ള ശ്രമങ്ങൾ പാക്കേജിലുണ്ടെങ്കിലും, കൂടുതൽ ശക്തമായ നീക്കങ്ങൾ ആ വഴിക്കുണ്ടാകണമായിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടിരൂപ അധികമായി അനുവദിച്ചതും മടങ്ങിവരുന്ന തൊഴിലാളികളെകൂടി അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതും ദുർബല വിഭാഗങ്ങൾക്ക് താങ്ങാവും. കുടിയേറ്റത്തൊഴിലാളി പ്രോവിഡന്റ് ഫണ്ടിന്റെ അളവിൽ സൗജന്യങ്ങൾ അനുവദിച്ചതും കിസാൻ പദ്ധതിവഴി 1800 കോടിരൂപയും ജൻധൻ പദ്ധതിയിലൂടെ 1200 കോടി രൂപയും എത്തിച്ചതും ഇൗവഴിക്കുള്ള നല്ല നടപടികൾ തന്നെ. പക്ഷേ, ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകിയിട്ടും കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ പലായനം തുടരുന്നത് അവരുടെ ദൈന്യതയുടെ അടയാളമാകുന്നു.
അവർക്ക് നേരിട്ടൊരു ചെറിയ സംഖ്യയെങ്കിലും നൽകാമായിരുന്നു. സംസ്ഥാനങ്ങളുടെ വായ്പയെടുക്കാനുള്ള പരിധി രണ്ടുശതമാനംകൂടി ഉയർത്തിയത് സമയത്തിനൊത്ത നടപടിയാകുന്നു. കറൻസി നമ്മുടെ കേന്ദ്ര ബാങ്ക് പണം അടിച്ചിറക്കുന്നത് സ്വർണത്തിന്റെയും വിദേശ നാണയത്തിന്റെയും ശേഖരങ്ങളുടെ അടിസ്ഥാനത്തിൽകൂടിയാണ്. ഇപ്പോൾ 6,25,000 കിലോഗ്രാം സ്വർണശേഖരമാണ് കേന്ദ്ര ബാങ്കിനുള്ളത്. ഇൗ അടുത്ത കാലത്തായി സ്വർണവില ഒാടിക്കയറിയിരിക്കുന്നതുമൂലം , കാഞ്ചന ശേഖരത്തിന്റെ മൂല്യം വൻതോതിൽ ഉയർന്നിരിക്കുകയാണ്. ഇൗ മൂല്യവർദ്ധനവിന്റെ പിൻബലത്തിൽ കൂടുതൽ കറൻസി സർക്കാരിനുവേണ്ടി അടിച്ചിറക്കുന്നതിന്റെ സാദ്ധ്യത ആരായാവുന്നതാണ്.