തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ സെക്രട്ടേറിയറ്റിനു പുറത്തെ വിവിധ വകുപ്പുകളിൽ പുനർവിന്യസിക്കണമെന്ന ഉദ്യോഗസ്ഥസമിതി റിപ്പോർട്ട് സർക്കാർ വീണ്ടും പരിഗണിക്കുന്നു. ഓഫീസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളിലാണ് പുനർവിന്യാസം നടക്കുക. ലോക്ക് ഡൗണിനു മുമ്പ് സമർപ്പിച്ച റിപ്പോർട്ട് മാറ്റിവച്ചിരിക്കുകയായിരുന്നു. റിപ്പോർട്ട് നടപ്പിലാക്കാനായി മുഖ്യമന്ത്രി ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
ഭരണാനുകൂല സംഘടനകൾ ഇതിനെ എതിർക്കുകയാണ്. സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം പരിഷ്‌കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അഡീഷണൽ, ജോയിന്റ്, ഡെപ്യൂട്ടി സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചത്. സെക്രട്ടേറിയറ്റിൽ ഓഫീസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളിൽ 750 പേർ ജോലിചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റിൽ ആവശ്യമുള്ളൂവെന്നും ബാക്കിയുള്ള 300 പേരെ മറ്റു വകുപ്പുകളിൽ പുനർവിന്യസിക്കണമെന്നുമാണ് പ്രധാന ശുപാർശ.
ഇ ഫയലിംഗ് സമ്പ്രദായം നടപ്പിലായതോടെ ഓഫീസ് അറ്റൻഡന്റുമാർക്കും ടൈപ്പിസ്റ്റുകൾക്കും കാര്യമായ ജോലിയില്ലാതായി. വകുപ്പുകളിൽ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ആഭ്യന്തരം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നാണ് സമിതിയുടെ ശുപാർശ.