ലണ്ടൻ : ഇതേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിൽ സഞ്ചരിക്കുന്ന നീരാളിയുടെ ചിത്രങ്ങൾ പകർത്തി ഗവേഷകർ. ഫൈവ് ഡീപ്പ്സ് എക്സ്പെഡിഷൻ എന്ന സംഘത്തിലെ ഗവേഷകരാണ് ആഴക്കടലിന്റെ അടിത്തട്ടിലെ മനോഹരമായ 'നീരാളി ' ചിത്രങ്ങൾ പകർത്തിയത്. അഞ്ച് മഹാസമുദ്രങ്ങളിലെയും ഏറ്റവും ആഴമേറിയ ഭാഗങ്ങളിലുള്ള പര്യവേഷണമാണ് ഫൈവ് ഡീപ്പ്സ് ഗവേഷക സംഘത്തിന്റെ ദൗത്യം. ഇന്ത്യൻ മഹാ സമുദ്രത്തിലെ ജാവ ട്രഞ്ചിൽ 23,000 അടി താഴ്ചയിലാണ് നീന്തി നടക്കുന്ന ' ഡംബോ ' ഒക്ടോപസിന്റെ ചിത്രം ഗവേഷകർക്ക് കൗതുകമായത്. കടലിന്റെ അടിത്തട്ടിലെ ചിത്രങ്ങൾ പകർത്താൻ സഹായകമായ ലാൻഡറും ക്യാമറയും ഉപയോഗിച്ചാണ് ഡംബോ നീരാളി ഉൾപ്പെടെയുള്ള ജീവികളെ നിരീക്ഷിച്ചത്. ഇതേ ഭാഗത്ത് തന്നെ 19,000 അടി താഴ്ചയിലും ഒരു ഡംബോ നീരാളിയെ കണ്ടെത്തുകയുണ്ടായി.ഡിസ്നിയുടെ പ്രശസ്തമായ വലിയ ചെവികളോട് കൂടിയ ഡംബോ ആനക്കുട്ടിയുടെ പേരിൽ നിന്നുമാണ് ഡംബോ നീരാളിയ്ക്ക് ഈ പേര് ലഭിച്ചിരിക്കുന്നത്. ഡംബോ നീരാളിയുടെ തലയ്ക്ക് ഇരുവശവും ചെവിയ്ക്ക് സമാനമായ കൂറ്റൻ ചിറകുകൾ ഉണ്ട്. അംബ്രല്ല ഒക്ടോപസ് എന്നും ഇവ അറിയപ്പെടുന്നുണ്ട്.
ഇതിനുമുമ്പ് 1950ൽ ബാർബഡോസ് തീരത്ത് കടലിൽ 16,500 അടിത്താഴ്ചയിൽ കണ്ടെത്തിയ ഡംബോ നീരാളിയാണ് ഏറ്റവും ആഴം കൂടിയ ഭാഗത്ത് കണ്ടെത്തപ്പെട്ട നീരാളി. പ്യൂർട്ടോറിക്കോ ട്രഞ്ച്, മരിയാന ട്രഞ്ച്, സൗത്ത് സാൻഡ്‌വിച്ച് ട്രഞ്ച്, ടൈറ്റാനിക് ട്രഞ്ച് എന്നിവിടങ്ങളിലും സംഘം ഗവേഷണങ്ങൾ നടത്തി വരികയാണ്. ഡംബോ നീരാളികളെ പറ്റി പരിമിതമായ അറിയവേ ശാസ്ത്രലോകത്തിനുള്ളു. സൂര്യപ്രകാശം കടന്നുചെല്ലാത്ത തണുപ്പ് കൂടിയ കടലിന്റെ അടിത്തട്ടു ഭാഗങ്ങളിലാണ് ഇവ സാധാരണയായി കണ്ടു വരുന്നത്. 20 മുതൽ 30 സെന്റീമീറ്റർ വരെ നീളം സാധാരണ ഡംബോ നീരാളികൾക്കുണ്ട്. ചിലപ്പോൾ 50 സെന്റീമീറ്ററിലധികം വളരാറുമുണ്ട്.