
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിലായ വെഞ്ഞാറമൂട് സി.ഐയുടെയും പൊലീസുകാരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. സ്റ്റേഷനിൽ രണ്ടാംഘട്ടപരിശോധനയ്ക്ക് വിധേയരായ പൊലീസുകാരുടെ ഫലം നാളെ ലഭിക്കും. വെഞ്ഞാറമൂട് പാറയ്ക്കൽ മദ്യലഹരിയിൽ കാറോടിച്ച് അപകടത്തിനിടയാക്കിയ അബ്കാരി കേസ് പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ഇയാളെ അറസ്റ്റ് ചെയ്ത സി.ഐയെയും പൊലീസുകാരെയും ക്വാറന്റീനിലാക്കിയത്. സി.ഐയും സംഘവും ക്വാറന്റീനിലായതിന് പിന്നാലെ വെഞ്ഞാറമൂട്ടിൽ പിടിയിലായ മറ്റ് രണ്ട് അബ്കാരി പ്രതികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അറസ്റ്റും നടപടികളും നടത്തിയ പൊലീസുകാരുടെ ഫലമാണ് ഇനി വരാനുള്ളത്. ഇവരുടെ പരിശോധനാഫലം കൂടി നെഗറ്റീവായാൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനെചുറ്റിപ്പറ്റിയുളള കൊവിഡ് ആശങ്കകൾക്ക് വിരമമാകും.
വെഞ്ഞാറമൂട് സി.ഐയ്ക്കൊപ്പം കൃഷിപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട്, എം.എൽ.എ ഡി.കെ മുരളി എന്നിവരും വീടുകളിൽ ക്വാറന്റീനിലാണ്. പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും പൊലീസുമായി അടുത്തിടപഴകിയവരുമുൾപ്പെടെ വെഞ്ഞാറമൂട് പ്രദേശത്തെ നിരവധിയാളുകൾ ഹോം ക്വാറന്റീലിൽ കഴിയുന്നതിനിടെയാണ് പൊലീസുകാർക്ക് രോഗബാധയില്ലെന്ന വിവരം പുറത്തായത്. പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റീനിലായ വെഞ്ഞാറമൂട് സ്റ്റേഷനിൽ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെയാണ് താൽക്കാലികമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. വട്ടപ്പാറ സ്റ്റേഷനിലെ എസ്. ഐയ്ക്കാണ് വെഞ്ഞാറമൂടിന്റെ ചുമതല. റിമാൻഡ് പ്രതികൾക്ക് കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടതോടെ വെഞ്ഞാറമൂടും പരിസരപ്രദേശങ്ങളും ഇപ്പോഴും ഭീതിയിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യപ്രവർത്തകരെയും നാട്ടുകാരെയും അലട്ടുന്ന പ്രധാനപ്രശ്നം.