വാഷിംഗ്ടൺ: ചൈനീസ് വിദ്യാർത്ഥികൾക്ക് വിസ വിലക്ക് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോങ്കോംഗിനുള്ള പ്രത്യേക പദവി എടുത്തുകളയാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.അമേരിക്കൻ യൂണിവേഴ്‍സിറ്റികളിൽ പഠിക്കുന്ന, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ വിസ വിലക്ക് ഏർപ്പെടുത്തുക.
ഹോങ്കോംഗിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ദേശീയ സുരക്ഷാ നിയമം ചൈന പാസാക്കിയതിനെ തുടർന്നാണ് ശക്തമായ പടികളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കൻ യൂണിവേഴ്‍സിറ്റികളിലെ വിദേശ വിദ്യാർത്ഥികളിൽ കൂടുതൽ പേരും ചൈനയിൽ നിന്നുള്ളവരാണ്. 370000 ചൈനീസ് വിദ്യാർത്ഥികളാണ് യു.എസിലെ വിവിധ യൂണിവേഴ്‍സിറ്റികളിലായി പഠനം നടത്തുന്നത്.