മത്തൻ കൃഷി നമ്മൾ വിചാരിക്കുന്നതിലും എളുപ്പമാണ്. കൂടാതെ കാര്യമായ പരിചരണവും ഇതിന് ആവശ്യമില്ല. ജൈവ രീതിയിൽ തന്നെ നമുക്ക് മത്തൻ കൃഷി ചെയ്യാൻ സാധിക്കുന്നു. വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. വിത്തുകൾ പാകി തൈകൾ മുളപ്പിച്ച ശേഷം പറിച്ചു നടാവുന്നതാണ്. നല്ല രീതിയിൽ അടിവളം കൊടുത്ത് വേണം നടാൻ. ഉണങ്ങിയ ചാണകം, ആട്ടിൻ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിൻ പിണ്ണാക്ക് എന്നിവ നമുക്ക് അടിവളമായി ഉപയോഗിക്കാവുന്നതാണ്. വിത്തുകൾ നടുന്നതിന് മുമ്പ് 6 മണിക്കൂർ വെള്ളത്തിൽ മുക്കി വെയ്ക്കുന്നത് നല്ലതാണ്. മത്തൻ വള്ളി വീശി തുടങ്ങുമ്പോൾ കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) ഇട്ട് കൊടുക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ നാമ്പ് നുള്ളി വിടുന്നതിലൂടെ കൂടുതൽ തണ്ടുകൾ ഉണ്ടാകാൻ സഹായിക്കുന്നു.
മത്തൻ കൃഷിക്ക് പരിചരണം ആവശ്യമുള്ള ഒരു ഘട്ടം അതിന്റെ പൂക്കൾ ഉണ്ടാകുമ്പോഴാണ്. കൃത്രിമമായ പരാഗണം ചെയ്യണം, ഇല്ലെങ്കിൽ കായകൾ ഉണ്ടാകില്ല. സ്വാഭാവികമായ പരാഗണം നടക്കുന്നത് ഇപ്പോൾ വളരെ കുറവാണ്. ആദ്യം ഉണ്ടാകുന്നത് ആൺ പൂക്കളാണ്, പെൺ പൂക്കൾ പിന്നീട് ഉണ്ടാകും. പെൺ പൂക്കൾ ഉണ്ടാകുമ്പോൾ വേണം പരാഗണം നടത്തി കൊടുക്കേണ്ടത്.
മത്തനെ ബാധിക്കുന്ന പ്രധാന കീടം കായീച്ചയാണ്, പരാഗണം നടത്തി കായകൾ പൊതിഞ്ഞു സൂക്ഷിച്ചാൽ കായീച്ചയുടെ ആക്രമണം തടയാനാകും. ഉണങ്ങിയ കരിയില കൊണ്ട് മൂടി മത്തൻ കായ്കൾ സംരക്ഷിക്കുക.