swami

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലോക്കൽ പൊലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിലും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും പരാജയപ്പെട്ട ലോക്കൽ പൊലീസ് സംഭവത്തിന് പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും അന്വേഷിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

മൂന്നുവർഷം മുമ്പുണ്ടായ സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അപാകതകളുടെ അടിസ്ഥാനത്തിൽ കേസ് മൂന്നുമാസം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക വിലയിരുത്തലിലാണ് കേസ് അന്വേഷണത്തിലുണ്ടായ അപാകതകളും പൊരുത്തക്കേടുകളും ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് കേസ് വിശദമായി അന്വേഷിക്കാൻ ക്രൈംബ്രാ‍ഞ്ച് മേധാവിയുടെ നിർ‌ദേശമുണ്ടായത്.

പേട്ട കണ്ണമ്മൂലയിലെ ഒരു വീട്ടിലെ സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിലെ ദുരൂഹതകളുടെ ചുരുളഴിക്കാനും സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ പിടികൂടാനുമാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസിന്റെ തുടക്കം മുതൽ സ്വാമിയുടെയും സംഭവമുണ്ടായ വീട്ടിലെ അംഗങ്ങളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് ദുരൂഹതകൾക്ക് അടിവരയിടുന്ന പ്രധാന സംഗതി. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം ഇതിൽ പങ്കുണ്ടെന്നുമാണ് വിലയിരുത്തൽ.

സ്വാമിയെ മാത്രം പ്രതിയാക്കിയ ലേക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുള്ളതായും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. കേസിന്റെ തുടക്കം മുതലുള്ള സംഭവഗതികളോരോന്നും വിശദമായി അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും. 2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി.

ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പേട്ട പൊലീസ് കേസിൽ കുറ്റപത്രം നൽകാൻ തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പിന്നീട് പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടത്രേ.