koala

കാൻബറ : കൊവിഡ് വൈറസിന്റെ കാലത്തും ഓസ്ട്രേലിയയിലെ ഒരു വൈൽഡ് ലൈഫ് പാർക്ക് ആഘോഷത്തിലാണ്. ഒരു കൊവാല കുഞ്ഞ് ജനിച്ചതാണ് ഈ സന്തോഷത്തിന് പിന്നിൽ. നേരത്തെ ഓസ്ട്രേലിയയിലെ വന്യമൃഗങ്ങളിൽ നല്ലൊരു ഭാഗത്തെ ഇല്ലാതാക്കിയ കാട്ടുതീയ്ക്ക് ശേഷം പ്രദേശത്ത് ജനിക്കുന്ന ആദ്യത്തെ കൊവാലയാണിത്. ' ആഷ് ' എന്നാണ് കൊവാല കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കാട്ടുതീയ്ക്ക് ശേഷം ന്യൂസൗത്ത് വെയ്ൽസിലെ ഓസ്ട്രേലിയൻ റെപ്റ്റൈൽ പാർക്കിൽ ജനിക്കുന്ന ആദ്യത്തെ കൊവാലയാണ് ആഷ്. ജനുവരിയിലാണ് ആഷ് ജനിച്ചത്. എന്നാൽ കഴി‌ഞ്ഞ ദിവസമാണ് അധികൃതർ വാർത്ത പുറത്തുവിട്ടത്. കൊവാല കുഞ്ഞും അമ്മ കൊവാലയായ റോസിയും ആരോഗ്യത്തോടെയിരിക്കുന്നു. ഏകദേശം 12.6 മില്യൺ ഹെക്ടർ വനമാണ് കഴി‌ഞ്ഞ വർഷം സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം ആദ്യം അവസാനിച്ച കാട്ടുതീയിൽ നശിച്ചത്. ഏകദേശം ഒരു ബില്യൺ ജീവികൾ ചത്തു.

കാട്ടുതീയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴി‌ഞ്ഞിരുന്ന കൊവാലകളെ ഏപ്രിൽ മാസം മുതൽ ചികിത്സ പൂർത്തിയാക്കി കാട്ടിലേക്ക് വിട്ടയച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഓസ്ട്രേലിയയിലെ വന്യജീവികളെ വളരെ ഗുരുതരമായാണ് ബാധിച്ചത്. ഹെക്ടർ കണക്കിന് വനപ്രദേശങ്ങൾ കത്തിനശിച്ചു. ഓസ്ട്രേലിയയിൽ കണ്ടുവരുന്ന സഞ്ചി മൃഗങ്ങളായ കൊവാല വംശനാശ ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് കാട്ടുതീ അവയുടെ ജീവന് ഭീഷണിയായി മാറിയത്. കൊവാലകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വന്യമൃഗങ്ങളാണ് കാട്ടുതീയിൽ ഇല്ലാതായത്. അതേസമയം ഓസ്ട്രേലിയൻ സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ നിരവധി മൃഗങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനും കഴിഞ്ഞു.തുടർച്ചയായ കാട്ടുതീകൾ ഓസ്ട്രേലിയയിൽ കണ്ടു വരുന്ന കോവാലകളുടെ വംശനാശത്തിനിടയാക്കുമോ എന്ന് വരെ ആശങ്കകൾ ഉയർന്നിരുന്നു. ഓസ്ട്രേലിയയിലെ കോവാലകളിൽ 30 ശതമാനം കോവാല സ്പീഷീസുകളും ന്യൂ സൗത്ത് വെയ്ൽസിലാണ്. രണ്ട് മാസമായി അടഞ്ഞ് കിടക്കുന്ന ഓസ്ട്രേലിയൻ റെപ്റ്റൈൽ പാർക്ക് ജൂൺ ഒന്ന് മുതൽ വീണ്ടും തുറക്കും.