ന്യൂഡൽഹി:- ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്‌ലി ഫോബ്സ് മാസിക തയ്യാറാക്കിയ ഏറ്റവുമധികം വരുമാനമുള്ള നൂറ് കായികതാരങ്ങളുടെ പട്ടികയിൽ ഈ വർഷവും ഇടംനേടി. 2019നെക്കാൾ സ്ഥാനം മെച്ചപ്പെടുത്തി 66-ാംസ്ഥാനത്താണ് കോഹ്‌ലി ഇപ്പോൾ. കഴിഞ്ഞ വർഷം 100ാമതായിരുന്നു കോലിയുടെ സ്ഥാനം. ഇന്ത്യയിൽ നിന്നുള്ള ഏക കായികതാരവും കോഹ്ലിയാണ്
26 മില്യൺ അമേരിക്കൻ ഡോളറാണ് കോഹ്‌ലിയുടെ ഈ വർഷത്തെ വരുമാനം. കായിക താരങ്ങൾക്ക് മത്സരത്തിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക, വേതനം,കരാർ തുകകൾ,എന്റോഴ്സ്മെന്റുകൾ, റോയൽറ്റി തുകകൾ, ഇങ്ങനെ ജൂൺ ഒന്ന് വരെ ഒരുവർഷത്തിനകം വാങ്ങിയ പ്രതിഫലമാണ് കണക്കാക്കുക. തുടർച്ചയായി രണ്ടാം വർഷമാണ് കോഹ്‌ലി ഫോബ്സ് പട്ടികയിൽ ഇടം നേടുന്നത്.
സ്വിറ്റ്സർലണ്ട് ടെന്നീസ് താരമായ റോജർ ഫെഡററാണ് പട്ടികയിൽ ഒന്നാമൻ. 106.3 മില്യൺ ഡോളറാണ് ഫെഡററുടെ ഒരു വർഷത്തെ സമ്പാദ്യം. തുടർന്നുള്ള രണ്ട് സ്ഥാനങ്ങൾ ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ (105 മില്യൺ ഡോളർ), ലയണൽ മെസി(104 മില്യൺ ഡോളർ) എന്നിവരാണ്. കഴിഞ്ഞ വർഷം ഒന്നാംസ്ഥാനം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു. ബ്രസീൽ ഫുട്ബോൾ താരം നെയ്മറാണ് നാലാമത്. നെയ്മറുടെ വരുമാനം 95.5 മില്യൺ ഡോളറാണ്.