ന്യൂഡൽഹി: 'സർക്കാർ പിന്തുണയോടെ'യുള്ള സൈബർ ആക്രമണത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ടെക്‌നോളജി ഭീമനായ ഗൂഗിൾ. ലോകമാകമാനമുള്ള ഉപഭോക്താക്കൾക്കായി ഇത്തരത്തിൽ 1,755 മുന്നറിയിപ്പുകളാണ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് വഴി ഗൂഗിൾ നൽകിയിരിക്കുന്നത്. ദേശീയ മാദ്ധ്യമമായ 'ടൈംസ് ഒഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നുമുള്ള 51 മുതൽ 100 ഉപഭോക്താക്കളും ഉൾപ്പെടുന്നു.
എന്നാൽ സ്വന്തം രാജ്യത്തെ സർക്കാരിന്റെ പിന്തുണയോടെയാണോ അതോ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളാണോ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളുടെ പിന്നിലെന്ന കാര്യത്തിൽ ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഗൂഗിളിന്റെ 'ഭീഷണി അപഗ്രഥന വിഭാഗ'മാണ്(ടി.എ.ജി) സൈബർ ആക്രമണങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്.
പ്രധാനമായും സാമ്പത്തിക, ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെ ഉടമകളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നെതെന്നും ടി.എ.ജി വ്യക്തമാക്കുന്നു. ഇന്ത്യയിൽ, ലോകാരോഗ്യസംഘടനയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രവർത്തിക്കുന്ന വ്യാജ സൈറ്റുകളാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനയിൽ നിന്നുമുള്ള അറിയിപ്പുകൾക്കായി തങ്ങളുമായി ബന്ധപ്പെടാൻ ഇത്തരം സൈറ്റുകൾ ആവശ്യപ്പെടും.
ശേഷം, ഉപഭോക്താക്കൾ സൈറ്റുകളുടെ വ്യാജ ലോഗിൻ പേജുകൾ വഴി ബന്ധപ്പെടുമ്പോൾ ഇവരുടെ ലോഗിൻ വിവരങ്ങൾ ഈ വ്യാജ സൈറ്റുകൾ കരസ്ഥമാക്കുകയും ചെയ്യും. ഇതോടൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ, ഫോൺ നമ്പറുകൾ ഈ സൈറ്റുകൾ തട്ടിയെടുക്കാറുണ്ടെന്നും ടി.എ.ജി ഡയറക്ടർ ഷെയ്ൻ ഹണ്ട്ലി എഴുതിയ ബ്ലോഗിൽ ചൂണ്ടിക്കാണിക്കുന്നു.