yuvam-movie-

കൊച്ചി: വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കൽ നായകനാവുന്ന 'യുവം' സിനിമയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ പിങ്കു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ഗോപിസുന്ദർ സംഗീതം നൽകി ഹരിനാരായണൻ വരികളെഴുതിയ ചെമ്മാനമേ എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. കൊവിഡ് ഭീഷണിമൂലം നിശ്ചലമായ സിനിമാ ലോകം പതിയെ സജീവമാകുന്നതിനിടെയാണ് 'യുവത്തിന്റെ ടീസർ പുറത്തിറങ്ങുന്നത്.

നിറുത്തിവെച്ച പ്രീ പ്രൊഡക്ഷൻ ജോലികളും സിനിമാ പ്രചാരണങ്ങളും പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് യുവത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുന്നത്.

ഒരു രാഷ്ട്രീയ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ കോമഡിക്കും പ്രധാന്യമുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ ഇന്ദ്രൻസും എത്തുന്നുണ്ട്.

ഡയാന ഹമീദ്,​ സായികുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോൻ, ജയശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് ചിത്രം നിർമ്മിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ