ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും , ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂൺ എട്ട് മുതൽ തുറക്കാം. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക. അതേസമയം രാത്രിയാത്രാനിയന്ത്രണം തുടരും.
രണ്ടാംഘട്ടത്തിൽ സ്കൂളുകൾ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലായ് മാസത്തോടെ സ്കൂളുകൾ തുറന്നേക്കും. അന്താരാഷ്ട്ര വിമാനസർവീസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനം വരും. ഇപ്പോൾ തീരുമാനമായിട്ടില്ല.
നൈറ്റ് കർഫ്യൂ നിലവിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാക്കി ഇളവ് നൽകി. നിലവിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കർഫ്യൂ.