covid-19

തിരുവല്ല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല പെരുന്തുരുത്തി പ്രക്കാട്ട് വീട്ടിൽ ജോഷി (65) മരിച്ചത് ചികിത്സാപിഴവു മൂലമെന്ന് ആരോപിച്ച് ജോഷിയുടെ മരുമകൾ ബിബി ലിജു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതിനൽകി. ഗൾഫിലുള്ള ജോഷിയുടെ ഭാര്യയുടെയും മക്കളുടെയും നിർദ്ദേശപ്രകാരമാണ് പരാതി നൽകിയതെന്ന് നാട്ടിലുള്ള ബിബി പറഞ്ഞു. മകൻ ലിജു ജോഷിയുടെ ഭാര്യയാണ് ബിബി.

ജോഷിക്ക് കടുത്ത പ്രമേഹമുണ്ടായിരുന്നെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം അടിസ്ഥാനരഹിതമാണ്. ഗൾഫിൽ മക്കളെ സന്ദർശിച്ച് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞപ്പോഴാണ് ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്ക്കൊപ്പം ഗൾഫിലേക്ക് പോകുന്നതുവരെ ജോഷി യാതൊരു അസുഖങ്ങൾക്കും ചികിത്സ തേടിയിട്ടില്ല. കൃത്യമായ ഇടവേളകളിൽ രക്തവും മറ്റും പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നു. നഴ്സായ തനിക്കും ഇക്കാര്യത്തിൽ ബോദ്ധ്യമുണ്ടെന്ന് ബിബി പറഞ്ഞു. ഈ മാസം 11ന് നാട്ടിലെത്തി പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന ജോഷിയുടെ സ്രവം 16നാണ് പരിശോധനയ്ക്കയച്ചത്. കൊവി‌ഡ് സ്ഥിരീകരിച്ചതോടെ 18ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ എക്സറെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് കാലതാമസമുണ്ടായി. 24ന് ആരോഗ്യനില വഷളായെങ്കിലും 25ന് വൈകിട്ടാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ചികിത്സ പൂർണമായും സൗജന്യമാണെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി കോട്ടയം മെഡിക്കൽ കോളേജിൽ ഇൻജക്ഷനും മരുന്നുകൾക്കുമായി 85,608 രൂപ കുടുംബാംഗങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നതായും പരാതിയിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സാ വീഴ്ചകളെക്കുറിച്ചും പണം ചെലവഴിക്കേണ്ടി വന്നതിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.