
അടുത്തിടെയാണ് മുൻ ചലചിത്ര നടിയും പാചകപരിപാടിയായ 'ആനീസ് കിച്ചണി'ന്റെ അവതാരകയുമായ ആനിക്കെതിരെ വൻതോതിൽ ട്രോളുകൾ പുറത്തിറങ്ങിയത്. പരിപാടിയിൽ സരയു, നവ്യ നായർ, നിമിഷ സജയൻ, വാസുകി ഐ.എ.എസ് എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സ്ത്രീകൾക്കെതിരെ ആനി നടത്തിയ സെക്സിസ്റ്റ് പരാമർശങ്ങളാണ് ട്രോളുന്മാർ വിമർശന വിധേയമാക്കിയത്. ട്രോളുകൾ തന്നെ അൽപ്പം വിഷമിപ്പിച്ചുവെന്നും എന്നാൽ താനൊരു 'പോസിറ്റീവ്' ആളായതിനാൽ അതിനെ കാര്യമാകുന്നില്ലെന്നുമാണ് ആനി വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നത്. തനിക്കെതിരെ ട്രോളുകൾ ഇറക്കിയവർ അവരുടെ 'കുടിലതന്ത്രവൈദഗ്ദ്യം' പ്രദർശിപ്പിച്ചതിൽ സന്തോഷിക്കുന്നുണ്ടാവുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ആനി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
'ട്രോളുന്നതിന് മുൻപ് അവർ ആ എപ്പിസോഡ് മുഴുവനായും കണ്ടിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിമിഷയുമായുള്ള എന്റെ അഭിമുഖത്തിന്റെ ചെറിയ ഭാഗങ്ങളിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടില്ലായിരുന്നു. നിമിഷയെ സത്യത്തിൽ ഞാൻ അഭിനന്ദിക്കുകയാണ് ഉണ്ടായത്. ഈ തലമുറയെ ഞാൻ അത്ഭുതത്തോടെയാണ് കാണുന്നത്. പരീക്ഷണങ്ങൾ നടത്താൻ അവർ തയ്യാറാണ്. നമ്മുടെ സമയത്തൊക്കെ അത്തരത്തിൽ സംസാരിക്കാൻ വലിയ ധൈര്യം വേണമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ പറ്റുന്ന ഒരു വേഷത്തിനായി ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോഴും നടക്കാത്ത ഒരാശയായി നിലനിൽക്കുന്നു.' ആനി പറയുന്നു.
താൻ ഒരു കൂട്ടുകുടുംബത്തിലാണ് വളർന്നുവന്നതെന്നും അക്കാലത്ത് ഈ തലമുറയിലെ പെൺകുട്ടികൾക്കുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും ആനി വ്യക്തമാക്കുന്നു. തന്റെ ലോകത്തിന് പരിധികളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് പല പുതിയ കാര്യങ്ങളും പഠിക്കാനായി സാധിച്ചത്. അമ്മ ചെറുപ്പത്തിൽ തന്നെ ഞങ്ങളെ വിട്ടുപോയിരുന്നു. ശേഷം അമ്മൂമ്മയാണ് തന്നെ വളർത്തിയത്. അമ്മായിമാർ സ്വയംപര്യാപ്തരാകണമെന്നും കുടുംബത്തെ നന്നായി നോക്കണമെന്നും ഉപദേശിക്കുമായിരുന്നു. ഇപ്പോൾ പുതിയ കുട്ടികൾ ധൈര്യത്തോടെ സംസാരിക്കുമ്പോൾ സന്തോഷമാണ് തോന്നുക. അതോടൊപ്പം താൻ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ച് അൽപ്പം സങ്കടവും തോന്നും. ആനി വിശദീകരിക്കുന്നു.
'വീട്ടിൽ ഷാജിയാണ്(ഷാജി കൈലാസ്) ചപ്പാത്തി ഉണ്ടാക്കുന്നതെന്ന് പറയുമ്പോൾ ഇപ്പോൾ പോലും എന്റെ അച്ഛന് വല്ലായ്മ തോന്നാറുണ്ട്. അഭിമുഖങ്ങളിൽ ഞാൻ ലിംഗവിവേചനപരമായി സംസാരിച്ചതല്ല. ആരെയും അപമാനിക്കാനും ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ പരിപാടി കാണുന്നത് കൂടുതലും വീട്ടമ്മമാരും പ്രായമായ സ്ത്രീകളുമാണ്. അവരുടെ ചിന്താഗതിക്കനുസരിച്ചാണ് ഞാൻ അതിഥികളോട് ചോദ്യങ്ങൾ ചോദിക്കുക. പുതിയ തലമുറയുമായി ഇടപഴകുമ്പോൾ ഞാൻ കൂടുതൽ നല്ല വ്യക്തിയാകും എന്നാണു കരുതുന്നത്.' ആനി പറയുന്നു. ഫെമിനിസത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ സ്ത്രീകളെ പരസ്പരം പോരടിപ്പിക്കുന്നതല്ല സഹോദരീബന്ധം എന്നാണ് താൻ കരുതുന്നതെന്നാണ് ആനി പ്രതികരിച്ചത്. പരസ്പരം വിധിക്കാതെ സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനവും ഊഷ്മളതയും പകരണമെന്നും ആനി പറഞ്ഞു. സ്ത്രീകൾ വിധേയരായി നിൽക്കണമെന്ന് താൻ കരുതുന്നില്ലെന്നും ആനി പറഞ്ഞു.