ലക്‌നൗ: ലോക്ക്ഡൗണിൽ തൊഴിലില്ലാതായതോടെ കുടുംബം പോറ്റാൻ വഴിയില്ലാതെ മനംനൊന്ത് ഉത്തർപ്രദേശിൽ ഗൃഹനാഥൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. ലഖിപൂർ സ്വദേശി ഭാനു പ്രകാശ് ഗുപ്തയാണ് (50) ആത്മഹത്യ ചെയ്തത്. കുടുംബം പട്ടിണി കിടക്കുന്നത് സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഭാനുപ്രകാശിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഷാജഹാൻപൂരിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന ഭാനുവിന് ലോക്ക്ഡൗൺ മൂലം ജോലി നഷ്ടമായി. രോഗിയായ അമ്മയും ഭാര്യയും നാലുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭാനു.
'വരുമാനം നിലച്ചതോടെ വീട്ടിലെ കാര്യങ്ങൾ അവതാളത്തിലായി.റേഷൻ കട വഴി ലഭിച്ച അരിയും ഗോതമ്പും വീട്ടിലുണ്ട്. അത് നൽകിയതിൽ നന്ദി, എന്നാൻ കുടുംബത്തിന് അത് മതിയാവില്ല. പഞ്ചസാര, പാൽ, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ വാങ്ങാൻ പണമില്ല. സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നൽകാൻ കഴിയുന്നില്ല. അതെന്നെ വേദനിപ്പിക്കുന്നു. ജില്ലാ ഭരണകൂടം ഒരു വിധത്തിലുളള സഹായവും നൽകുന്നില്ല'- ഭാനു പ്രകാശ് ആത്മഹത്യാക്കുറിപ്പിലെഴുതി
എന്നാൽ, ഇയാൾക്കും കുടുംബത്തിനും ആവശ്യത്തിന് റേഷൻ നൽകിയിരുന്നെന്നും ഭാനു കത്തിലുന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് ഷൈലേന്ദ്ര കുമാർ പറഞ്ഞു. അതേസമയം, ഭാനു പ്രകാശിന്റെ കുടുംബത്തിന് യു.പി സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിമർശിച്ച് കോൺഗ്രസ്
ഭാനു പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന - കേന്ദ്ര ബി.ജെ.പി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന തിരക്കിൽ ഭാനുവിന്റെ ആത്മഹത്യക്കുറിപ്പ് യു.പി സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജിതിൻ പ്രസാദും ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭാനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.