kerala-police
kerala police

തിരുവനന്തപുരം : 1990 കളിൽ കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ നെടുംതൂണുകളായിരുന്ന യു.ഷറഫലി, കെ.ടി. ചാക്കോ, ബാബുരാജൻ എന്നിവർ ഇന്നലെ സർവീസിൽനിന്ന് വിരമിച്ചു.

മുൻ ഇന്ത്യൻ നായകനായ ഷറഫലി കോട്ടയ്ക്കലിലെ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെഡ് ക്യൂഫോഴ്സിന്റെ കമൻഡാന്റ് പദവിയിൽനിന്നാണ് വിരമിച്ചത്. ഇന്ത്യയുടെ ഗോൾവല കാത്തിട്ടുള്ള ചാക്കോ കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റും ബാബുരാജൻ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയന്റെ അസി. കമാൻഡാന്റുമായാണ് പൊലീസിൽ നിന്ന് വിരമിച്ചത്. 1990, 91 വർഷങ്ങളിൽ കേരള പൊലീസ് ടീം ഫെഡറേഷൻ കപ്പ് സ്വന്തമാക്കുമ്പോൾ ടീമിലെ മികച്ച പോരാളികളായിരുന്നു മൂവരും.

ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, വി.പി. സത്യൻ തുടങ്ങിയ കേരള ഫുട്ബാളിലെ സുവർണ താരങ്ങൾ അണിനിരന്ന കേരള പൊലീസിന്റെ അന്നത്തെ നിരയെ പരിശീലിപ്പിച്ചത് ടി.കെ. ചാത്തുണ്ണിയാണ്.

മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി 1985 ലാണ് കേരള പൊലീസിലെത്തുന്നത്. 1986 ജനുവരി 20ന് തിരുവനന്തപുരത്ത് കൊറിയൻ റിപ്പബ്ളിക്കിനെതിരായ നെഹ്‌റുകപ്പ് മത്സരത്തിലൂടെ ഇന്ത്യൻ ടീമിന്റെ കുപ്പായമണിഞ്ഞു. 1995 വരെ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായി.

ഹാഫ് ബാക്കായും റൈറ്റ് വിംഗ് ബക്കായും കളിച്ചിട്ടുള്ള ഷറഫലി സാഫ് ഗെയിംസ് സ്വർണം നേടിയ ടീമിലെ അംഗവുമായിരുന്നു. 1993 ലെ സൂപ്പർ സോക്കർ കപ്പിൽ ഇന്ത്യയെ നയിച്ചു.

പൊലീസ് ടീമിൽനിന്ന് ഇടവേളയെടുത്ത് കൊൽക്കത്തയിലെ വമ്പൻ ക്ളബുകളായ മോഹൻ ബഗാനും മുഹമ്മദൻസിനും കളിക്കാൻ ഷറഫലി പോയിരുന്നു. 10 തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുപ്പായമണിഞ്ഞ ഷറഫലി ബംഗാളിനായും സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. പൊലീസിലേക്ക് തിരികെയെത്തിയശേഷം എട്ടുകൊല്ലം പൊലീസ് ഫുട്ബാൾ ടീമിന്റെ മാനേജരുമായി സേവനം അനുഷ്ഠിച്ചു.

പത്തനംതിട്ട തിരുവല്ല ഒാതറ സ്വദേശിയായ കെ.ടി. ചാക്കോ 1987 ലാണ് പൊലീസിലേക്ക് എത്തുന്നത്. എട്ട് സന്തോഷ് ട്രോഫികളിലാണ് കേരളത്തിന്റെ ഗോൾവലയം കാത്തത്. 1991മുതൽ 95 വരെ ഇന്ത്യൻ ഗോളിയായി. 91 ലെ കണ്ണൂർ ഫെഡറേഷൻ കപ്പ് ഫൈനലിൽ പരിക്കേറ്റ വി.പി. സത്യന് പകരം ടീമിനെ നയിച്ചതും കപ്പ് ഏറ്റുവാങ്ങിയതും ചാക്കോയാണ്. പൊലീസിലെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടേത് ഉൾപ്പെടെ നിരവധി മെഡലുകളും ചാക്കോയെ തേടിയെത്തിയിട്ടുണ്ട്. 1991 ൽ റൊമാനിയയ്ക്ക് എതിരായ നെഹ്‌‌റു കപ്പ് മത്സരത്തിലാണ് ചാക്കോ ഇന്ത്യൻ ഗോളിയായി അരങ്ങേറിയത്.

ചാക്കോയ്ക്കൊപ്പം 1987 ൽ പൊലീസിലെത്തിയ ബാബുരാജൻ വിംഗ്ബാക്കായാണ് കളിച്ചിരുന്നത്. ഫെഡറേഷൻ കപ്പുകൾക്ക് പുറമേ രണ്ടുതവണ സന്തോഷ് ട്രോഫിയിലും കേരളത്തിനായി കളിച്ചിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയാണ്.


കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്. കളിക്കളത്തിലും ഡിപ്പാർട്ട്മെന്റിലും ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. ആ ഒാർമ്മകൾക്ക് വിരാമമില്ല.

ഐ.എം. വിജയൻ


കൂട്ടായ്മയായിരുന്നു അന്നത്തെ എന്റെ കുട്ടികളുടെ വിജയരഹസ്യം. കളിക്കളത്തിലിറങ്ങിയാൽ ജയിച്ചേ മടങ്ങൂ എന്ന് എല്ലാവരുടെ ഉള്ളിലും വാശിയുണ്ടായിരുന്നു. അവരാരും അസാമാന്യന്മാരായിരുന്നില്ല.

എന്നാൽ ഒത്തൊരുമയോടെ നിന്ന് കേരള പൊലീസിന്റെ പേര് ഇന്ത്യൻ ഫുട്ബാളിൽ സ്വർണാക്ഷരങ്ങളിൽ എഴുതിച്ചേർക്കാൻ അവർക്ക് കഴിഞ്ഞു. ഞാൻ പരിശീലിപ്പിച്ച ടീമുകളിൽ ഇപ്പോഴും ഏറ്റവുമധികം ആവേശം കൊള്ളിക്കുന്ന ഒാർമ്മകൾ നൽകിയത് കേരള പൊലീസാണ്.

ടി.കെ. ചാത്തുണ്ണി

പരിശീലകൻ


ഞങ്ങൾ ഒരു കുടുംബമായിരുന്നു. ഒന്നിച്ചുണ്ടും ഉറങ്ങിയും ഒന്നിച്ച് പരിശീലനം നടത്തിയും ഒരു മനസായി മാറിയവർ. അന്ന് ഫുട്ബാൾ ഇന്നത്തെപ്പോലെ പ്രൊഫഷണലായി മാറിയിട്ടില്ല. കളിക്കളത്തിലും ജോലിയിലും കൂട്ടുകാർ നൽകിയ പിന്തുണയായിരുന്നു എന്നും കരുത്ത്.

യു. ഷറഫലി


ഫെഡറേഷൻ കപ്പ് ഫൈനലിൽ 40000 പേർ തിങ്ങിനിറഞ്ഞ ഗാലറിയുടെ ആരവം ഇപ്പോഴും കാതുകളിലുണ്ട്.

കെ.ടി. ചാക്കോ


കേരള പൊലീസ്

മുൻ ഡി.ജി.പി യായിരുന്ന എം.കെ. ജോസഫിന്റെ ശ്രമഫലമായാണ് കേരള പൊലീസിൽ മികച്ച ഒരു ഫുട്ബാൾ ടീം രൂപീകരിക്കപ്പെട്ടത്. ഐ.എം. വിജയൻ ഉൾപ്പെടെയുള്ള പ്രതിഭകളെ കണ്ടെത്താനും ഒപ്പം കൂട്ടാനും എം.കെ. ജോസഫ് മുൻകൈ എടുത്തു. ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി പോലുള്ള ദേശീയ ടൂർണമെന്റുകളിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നത് പൊലീസായിരുന്നു.

1990 ൽ തൃശൂരിൽ വച്ചാണ് ആദ്യം ഫെഡറേഷൻ കപ്പ് നേടിയത്.

1991 ൽ കണ്ണൂരിലും ഇൗ നേട്ടം ആവർത്തിച്ചു.

ഐ.എം. വിജയൻ, വി.പി. സത്യൻ, ഷറഫലി, കെ.ടി. ചാക്കോ, സി.വി. പാപ്പച്ചൻ, സി. ജാബിർ, കുരികേശ് മാത്യു, ഹബീബ് റഹ്‌മാൻ, തോബിയാസ്, ബാബുരാജൻ തുടങ്ങിയവരായിരുന്നു 1990 കളിലെ പ്രധാന പൊലീസ് താരങ്ങൾ. ഇവരിൽ മിക്കവരും ഇന്ത്യയ്ക്കായും കളിച്ചു. വിജയൻ പൊലീസ് ടീം വിട്ട് കൊൽക്കത്തയിൽ ചേക്കേറിയ ശേഷം മടങ്ങിയെത്തി.