ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഖുറാൻ സൂക്തങ്ങൾ പോസ്റ്റ് ചെയ്ത യുവനടിക്കെതിരെ വൻ തോതിൽ സൈബർ ആക്രമണം. ഇന്നലെയായിരുന്നു സംഭവം നടന്നത്. വടക്കേ ഇന്ത്യയിൽ വെട്ടുകിളിക്കൂട്ടം കാർഷിക വിളകൾ നശിപ്പിക്കുകയും കർഷകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖുറാൻ സൂക്തങ്ങൾ ട്വീറ്റ് ചെയ്തത്. 'അങ്ങനെ, ഞങ്ങൾ അവർക്കുമേൽ പ്രളയവും, വെട്ടുകിളിക്കൂട്ടങ്ങളും, തവളകളും, രക്തവും വർഷിച്ചു. ലക്ഷണങ്ങൾ പ്രത്യക്ഷമായിരുന്നു.
എന്നാൽ അവർ അഹന്തയിൽ ആണ്ടുനിന്നു. പാപത്തിനായി സ്വയം സമർപ്പിച്ച ഒരു ജനത' സൈറ ട്വീറ്റ് ചെയ്ത ഖുറാൻ വാക്യം ഇതായിരുന്നു. അധികം താമസിയാതെ തന്നെ സൈറയുടെ ട്വീറ്റിനെതിരെ നിരവധി പേർ വിമർശനവുമായി എത്തുകയായിരുന്നു. സൈറ പാകിസ്ഥാൻ അനുഭാവിയായത് കാരണമാണ് ഇത്തരത്തിലൊരു ട്വീറ്റ് ഇപ്പോൾ പോസ്റ്റ് ചെയ്തതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആരോപണം.
'കേരളം, ജമ്മു കാശ്മീർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ വെട്ടുകിളികളുടെ ആക്രമണമില്ലെങ്കിലും അവരും കൊവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സമയത്ത് അൽപ്പം പോസിറ്റീവായതും നിങ്ങളുടെ വിദ്യാഭ്യാസം പ്രതിഫലിപ്പിക്കുന്നതുമായ എന്തെങ്കിലും ട്വീറ്റ് ചെയ്യൂ.' ഇങ്ങനെയാണ് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചത്.
വിമർശനങ്ങൾ കടുത്തതോടെ സൈറ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. എന്നാൽ ശനിയാഴ്ചയോടെ സൈറ വീണ്ടും സോഷ്യൽ മീഡിയയിൽ തിരിച്ചെത്തുകയായിരുന്നു. 'ഞാൻ മനുഷ്യനാണ്, എനിക്ക് ഒരു ബ്രേക്ക് എടുക്കാനുള്ള അവകാശമുണ്ട്' എന്ന് ഒരു ട്വീറ്റിന് മറുപടി നൽകിക്കൊണ്ടാണ് സൈറ തിരിച്ചെത്തിയത്. 2019 ജൂൺ 30ന്, തന്റെ മതവിശ്വാസങ്ങളെ മാനിച്ച് താൻ അഭിനയരംഗം വിടുകയാണെന്ന് സൈറ പ്രഖ്യാപിച്ചിരുന്നു.