muthaiah-murali-800-wicke

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്ര് തികയ്ക്കാൻ എട്ട് ഇരകൾകൂടി വേണ്ടിയിരിക്കെ അടുത്ത മത്സരത്തോടെ താൻ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കാനുള്ള ദൃഢനിശ്ചയം... അടുത്ത ടെസ്റ്റിൽ എട്ട് വിക്കറ്ര് വീഴ്ത്തി രാജകീയ വിടവാങ്ങൽ...ഇതിഹാസ സ്പിന്നർ മുത്തയ്യാ മുരളീധരന്റെ ചങ്കൂറ്റത്തെപ്പറ്രിയും അദ്ദേഹത്തിനെ കുറിച്ചുള്ള മറ്റുള്ളവരുടെ ആശങ്കയെപ്പറ്രിയും വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. ആർ.അശ്വിനുമായുള്ള ലൈവ് ചാറ്റ് ഷോയിലാണ് സംഗ ഇക്കാര്യവും വ്യക്തമാക്കിയത്.

2010ൽ തന്റെ 38-ാം വയസിലാണ് പതിനെട്ട് വർഷം നീണ്ട ടെസ്റ്റ് കരിയർ മുരളി അവസാനിപ്പിക്കുന്നത്. 2010ലെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ 3 ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഗോളിൽ നടക്കുന്ന ആദ്യ മത്സരത്തോടെ ടെസ്റ്ര് ക്രിക്കറ്രിൽ നിന്ന് താൻ വിരമിക്കുമെന്ന് മുരളി പ്രഖ്യാപിക്കുകയായിരുന്നു. അപ്പോൾ 792 വിക്കറ്രുകളായിരുന്നു മുരളിയുടെ സമ്പാദ്യം. ചരിത്രനേട്ടത്തിന് എട്ടു വിക്കറ്റ് മാത്രം അകലെ നിൽക്കെ ഒരു ടെസ്റ്റ് കൂടി കളിച്ച് വിരമിക്കുമെന്ന മുരളിയുടെ പ്രഖ്യാപനം ആരാധകരെയും സഹതാരങ്ങളെയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെയും ഒരുപോലെ പ്രതിസന്ധിയിലും ആശങ്കയിലുമാക്കിയെന്ന് സംഗ പറഞ്ഞു. ഇന്ത്യയെപ്പോലെ സ്പിന്നിനെ നന്നായി കളിക്കുന്ന ടീമിനെതിരെ മുരളിക്ക് 8 വിക്കറ്റ് ഒരു മത്സരത്തിൽ വീഴ്ത്തുക അനായാസമല്ല എന്നതായിരുന്നു എല്ലാവരുടെയും ടെൻഷൻ.

ഒന്നാം ടെസ്റ്റോടെ വിരമിക്കുമെന്ന മുരളിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഞാനും സെലക്ടർമാരും ഒന്നിച്ചിരുന്ന് ആലോചിച്ചു. എന്തായാലും ഒന്നാം ടെസ്റ്റോടെ വിരമിക്കാൻ അദ്ദേഹത്തെ അനുവദിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. 800 വിക്കറ്റ് തികയ്ക്കാനാവശ്യമായ എട്ടു വിക്കറ്റ് കൂടി നേടി അദ്ദേഹം വിടപറയട്ടെ എന്നും ഞങ്ങൾ ധാരണയിലെത്തി. ഇക്കാര്യം അറിയിക്കാൻ അദ്ദേഹത്തെ യോഗത്തിലേക്കു വിളിച്ചു.

തുടർന്ന് ഞാൻ മുരളിയോട് പറഞ്ഞു- വെല്ലുവിളികൾ നിങ്ങൾക്ക് ഏറെ പ്രിയമാണെന്നറിയാം. പക്ഷേ, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റോടെ വിരമിക്കരുത്. 800 വിക്കറ്റിന് ഇത്ര അടുത്തെത്തിയിട്ട് അതു നേടാനാകാതെ പോയാൽ വലിയ നഷ്ടമാകും. താങ്കൾ ആദ്യ ടെസ്റ്റിൽ കളിക്കുക. മടുപ്പു തോന്നിയാൽ രണ്ടാം ടെസ്റ്റിൽ കളിക്കേണ്ട. തുടർന്ന് മൂന്നാം ടെസ്റ്റിൽ കളിക്കുക. അല്ലെങ്കിൽ രണ്ടും മൂന്നും ടെസ്റ്റിൽനിന്ന് വിശ്രമമെടുത്ത് അടുത്ത പരമ്പരയോടെ വിരമിക്കുക. 800 വിക്കറ്റെന്ന നേട്ടം നഷ്ടമാക്കരുത്’ ഒരു പുഞ്ചിരിയോടെ ഇതെല്ലാം കേട്ട മുരളി തീരുമാനം മാറ്രാൻ തയ്യാറല്ലായിരുന്നു.

ഇതൊന്നും നടക്കാൻ പോകുന്നില്ലെന്നും ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നറാണ് ഞാനെങ്കിൽ ഏതു ടീമിനെതിരെയും ഒരു ടെസ്റ്റിൽനിന്ന് എട്ടു വിക്കറ്റ് വീഴ്ത്താൻ സാധിക്കേണ്ടതല്ലേയെന്നും മറു ചോദ്യം ഞങ്ങളോട് ചോദിച്ചു. ഈ ടെസ്റ്റിൽ എട്ടു വിക്കറ്റെടുത്താൽ ഞാൻ 800 വിക്കറ്റ് നേട്ടത്തിലെത്തുക മാത്രമല്ല, നമ്മൾ ആ ടെസ്റ്റ് ജയിക്കുകയും ചെയ്യും. എനിക്ക് എട്ട് വിക്കറ്റ് കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്നേയുള്ളൂ. എന്തായാലും ഇത് എന്റെ അവസാന ടെസ്റ്റാണ്.ഞങ്ങളോട് നന്ദി പറഞ്ഞു മുരളി പോയി. - സംഗ പറഞ്ഞു.


നാടകീയമായ ഗോൾ ടെസ്റ്രിൽ ഒന്നാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഫോളോ ഓൺ ചെയ്യിച്ച മുരളി രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തി എണ്ണൂറ് വിക്കറ്ര് തികയ്ക്കുകയായിരുന്നു. ഇന്ത്യയുടെ ലാസ്റ്ര്‌മാൻ പ്രഗ്യാൻ ഓജയെ ജയവർദ്ധനയുടെ കൈയിൽ എത്തിച്ചാണ് മുരളി 800 വിക്കറ്ര് തീകച്ചത്.