ന്യൂഡൽഹി: ചൈനയുടെ വീഡിയോ ഷെയറിംഗ് സോഷ്യൽ നെറ്റ്വർക്കിങ് ആപ്പ് ആയ ടിക്ക്ടോക്കിന്റെ ഇന്ത്യൻ രൂപം 'മിത്രോൻ'ന് പിന്നിൽ പാകിസ്ഥാനി ആപ്പ് ഡവലപ്പറായ 'ക്യൂബോക്സസ്' ആണെന്ന് വിവരം. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ അതിവേഗം വളർച്ച നേടുന്ന ഈ ആപ്പിന്റെ മുൻപതിപ്പിന്റെ പേര് 'ടിക്ക്ടിക്ക്' എന്നതായിരുന്നു.
ഈ ആപ്പ് നിർമിച്ച 'ക്യൂബോക്സസ്' വെറും 2,500 രൂപയ്ക്കാണ് ആപ്പിന്റെ സോഴ്സ് കോഡ് ഒരു ഇന്ത്യൻ ആപ്പ് ഡവലപ്പർക്ക് വിറ്റത്. 'ക്യൂബോക്സസസിന്റെ സി.ഇ.ഒ ആയ ഇർഫാൻ ഷെയ്ഖ് ആണ് ഒരു ദേശീയ മാദ്ധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ഡവലപ്പർ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നും എന്നാൽ അതിനെ 'ഇന്ത്യൻ ആപ്പ്' എന്ന് വിളിക്കുന്നത് വാസ്തവവിരുദ്ധമാകുമെന്നുമാണ് ഇർഫാൻ പറയുന്നത്.
സോഴ്സ് കോഡിൽ അത് വാങ്ങിച്ചയാൾ മാറ്റം വരുത്താത്ത പക്ഷം അത് പാകിസ്ഥാനി ആപ്പ് ആണെന്നാണ് ഇർഫാന്റെ പക്ഷം. സോഴ്സ് കോഡ് വാങ്ങുന്നവർ സാധാരണ അതിൽ മാറ്റം വരുത്താറുണ്ടെന്നും ഇർഫാൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം 'മിത്രോൻ' ഡവലപ്പ് ചെയ്ത് പുറത്തിറക്കിയത് ആരാണെന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.ഐ.ഐ.ടി റൂർക്കീയിലെ ഒരു വിദ്യാർത്ഥിയാണ് ആപ്പിന് പിന്നിൽ പ്രവർത്തിവച്ചതെന്നാണ് പ്രാഥമിക വിവരം. ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമായ ആപ്പിന് പ്രൈവസി പോളിസി ഇല്ലെന്നുള്ളതാണ്.
ഇതുകാരണം, ആപ്പിലൂടെ അപ്ലോഡ് ചെയ്യുന്ന വീഡിയോകളും വിവരങ്ങളും ആർക്കും എങ്ങനെ വേണമെങ്കിലും ഉപയോഗപ്പെടുത്താം. താരതമ്യേന മോശം ആപ്പായ 'മിത്രോൻ'ന് പ്ളേ സ്റ്റോറിൽ മികച്ച റേറ്റിംഗ് ആണ് ലഭിക്കുന്നത്. ഇത് ഇന്ത്യൻ ആപ്പാണ് കരുതിയാണ് കൂടുതൽ പേരും നല്ല റേറ്റിംഗ് നൽകുന്നതെന്നാണ് വിവരം.