അരങ്ങേറ്ര മത്സരത്തിൽ സഹീർ ഖാന്റെ ഷൂ കടം വാങ്ങിയ കഥയുമായി ഇശാന്ത് ശർമ്മ
മുംബയ്: തണുത്ത് വിറച്ചുള്ള ഏകദിന അരങ്ങേറ്രവും സഹീർ ഖാന്റെ ഷൂസുകൾ കടം വാങ്ങിയതുമുൾപ്പെടെയുള്ള രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മ. മായങ്ക് അഗർവാളുമായുള്ള ലൈവ് ചാറ്രിലാണ് ഇശാന്ത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഇശാന്തിന്റെ വാക്കുകളിലൂടെ: 2007ൽ അയർലൻഡിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഏകദിന അരങ്ങേറ്രം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കാണ് എന്നെ ടീമിൽ എടുത്തത്. എന്നാൽ പെട്ടെന്ന് ഏകദിനത്തിനായി അയർലൻഡിലേക്ക് എത്താൻ അറിയിപ്പ് വന്നു. അസ്ഥികൾ തുളച്ചുകയറുന്ന തണുപ്പായിരുന്നു അവിടെ.
തണുപ്പ് സഹിക്കാനാകാതെ എം.എസ് ധോണി, ദിനേശ് കാർത്തിക്, റോബിൻ ഉത്തപ്പ, ആർ.പി സിംഗ് ഉൾപ്പെടെ ഏഴോളം താരങ്ങൾക്ക് പനി പിടിച്ചു.
അയർലൻഡിലെത്തിയ ഞാൻ ലഗേജിനായി മാനേജറെ വിളിച്ചു. അതു റൂമിലെത്തുമെന്ന് അദ്ദേഹം മറുപടി നൽകി. രഞ്ജി ട്രോഫിയിൽ താരങ്ങൾ സ്വയം അവരവരുടെ ലഗേജ് എടുക്കണമായിരുന്നു. എന്നാൽ മാനേജർ പറഞ്ഞ പോലെ ലഗേജ് റൂമിലെത്തിയില്ല. ഷൂ ഇല്ലാത്തതിനാൽ മത്സരത്തിന് മുമ്പ് നെറ്റ്സിൽ പന്തെറിയാൻ കഴിയാത്ത അവസ്ഥ. ഞാൻ പരിശീലനം നടത്താതെ മാറിനിൽക്കുന്നതു കണ്ട് ക്യാപ്ടൻ രാഹുൽ ദ്രാവിഡ് എന്റെ അടുത്തെത്തി. 'നീ എന്താ ബൗൾ ചെയ്യാത്തത് എന്ന് ചോദിച്ചു.
ഞാൻ ദ്രാവിഡിനോട് കാര്യം പറഞ്ഞു. അതുകേട്ട് അദ്ദേഹം ഞെട്ടി. ഇങ്ങനെയെങ്കിൽ നാളെ നീ എങ്ങനെ കളിക്കുമെന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. ഇതോടെ എനിക്ക് ടെൻഷനായി ഒടുവിൽ സഹീർ ഖാന്റെ ഒരു ജോഡി ഷൂ കടം വാങ്ങി ആരങ്ങേറ്ര മത്സരത്തിനിറങ്ങുകയായിരുന്നു. - ഇശാന്ത് ചെറുചിരിയോടെ പറഞ്ഞു.