ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. നിരാശയുടെയും കെടുകാര്യസ്ഥതയുടെയും ഒരു വർഷമാണ് കഴിഞ്ഞതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ ആറുവർഷം വർഗീയ,വിഭാഗീയ ആക്രമണങ്ങളുടേതായിരുന്നുവെന്ന് സംഘടനാജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. സാഹോദര്യത്തിന്റെ കണ്ണികൾ തകർന്നു. കൊവിഡ് കാലത്ത് നല്ല നിർദ്ദേശങ്ങളാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ നൽകിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ യഥാസമയം കൈകാര്യം ചെയ്യുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തംജനങ്ങളോട് യുദ്ധം ചെയ്യുന്ന സർക്കാരിനെയാണ് കഴിഞ്ഞ ആറുവർഷം കാണാൻ കഴിഞ്ഞതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വിമർശിച്ചു. മുറിവുണക്കുന്നതിന് പകരം ജനങ്ങൾക്ക് മേൽ മോദി സർക്കാർ പ്രഹരമേൽപ്പിച്ചു. രാജ്യത്തെ വിവിധ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ വെർച്ച്വൽ പാർലമെന്റ് ഉടൻ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.