കാട്ര് വെളിയിടൈ, വിക്രം വേദ, നേർക്കൊണ്ട പാർവൈ എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ തമിഴ് ചിത്രങ്ങളിലൂടെ താരവുമായി മാറിയ ആളാണ് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ്. നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ശ്രദ്ധ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു സംഭവം തന്റെ ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് ശ്രദ്ധ ഇൻസ്റ്റാഗ്രാമിലൂടെ. താൻ നിരീശ്വരവാദിയും സ്ത്രീപക്ഷവാദിയുമായി മാറിയ കഥയാണ് ശ്രദ്ധ പ്രേക്ഷകരോട് പറയുന്നത്.
ശ്രദ്ധയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ചുവടെ:
'എനിക്ക് അന്ന് പതിനാല് വയസായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു പൂജയിൽ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആദ്യമായി ആർത്തവം ഉണ്ടാകുന്നത്. എന്റെയൊപ്പം അപ്പോൾ അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഞാൻ ഇക്കാര്യം അറിയിച്ചു. കാരണം ഞാൻ സാനിറ്ററി പാഡ് കയ്യിൽ കരുതിയിരുന്നില്ല. ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ ഞങ്ങൾ പറഞ്ഞ കാര്യം കേട്ട് പരിഭ്രമിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു. വിഷമിക്കേണ്ട മോളേ, ദൈവം നിന്നോട് ക്ഷമിക്കും...(പൂജയുടെ സമയത്ത് ആർത്തവം ഉണ്ടായതിന്). ആ ദിവസമായിരുന്നു ഞാൻ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. എനിക്കന്ന് പതിനാല് വയസായിരുന്നു.'