ന്യൂഡൽഹി: കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളെല്ലാം തന്നെരോഗത്തിനെതിരെ നന്നായി പോരാടിയെന്നതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ മുഖ്യമന്ത്രിമാരുമായി അഞ്ച് തവണ യോഗം ചേർന്നുവെന്നും താനും മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ചില വേളകളിൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ സമീപിക്കുകയും ചിലപ്പോൾ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരെ അങ്ങോട്ട് ബന്ധപ്പെടുകയും ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ഈ ഘട്ടത്തിൽ നാം എത്തിയത്. അമിത് ഷാ കൂട്ടിച്ചേർത്തു.
കുടിയേറ്റ തൊഴിലാളി പ്രതിസന്ധി സംസ്ഥാനങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഓരോ സംസ്ഥാനവും തങ്ങളുടെ കഴിവിന്റെ പരമാവധി കുടിയേറ്റ തൊഴിലാളികൾക്കായി പരിശ്രമിച്ചതായും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ഫെഡറൽ ഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുള്ള വ്യത്യസ്ത സർക്കാരുകളാണുള്ളത്. എന്നാൽ എല്ലാ സംസ്ഥാനങ്ങളും 'ഈ യുദ്ധത്തിൽ നന്നായി പോരാടി, ഇതാണ് സത്യം'മെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.