ആസ്ത്മ , അലർജി എന്നിവയുള്ള കുട്ടികൾക്ക് വീട്ടിൽ മാത്രമല്ല സ്‌കൂളിലും പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. കുട്ടിയ്ക്ക് അലർജിയോ ആസ്ത്മയോ ഉണ്ടെങ്കിൽ വിവരം രക്ഷിതാക്കൾ അദ്ധ്യാപകരെ നിർബന്ധമായും അറിയിക്കണം. അത്യാവശ്യം വേണ്ട മരുന്നുകൾ മുൻകരുതൽ എന്ന നിലയിൽ കുട്ടിയുടെ കൈയിൽ കൊടുത്തു വിടുകയോ അദ്ധ്യാപകരെ ഏൽപ്പിക്കുകയോ ചെയ്യാം.
ആസ്ത്മയോ അലർജിയോ ഉണ്ടെങ്കിൽ കുട്ടിക്ക് വായുസഞ്ചാരമുള്ള ക്ലാസ് മുറികളും കിടപ്പുമുറികളും ഉറപ്പാക്കുക. അമിതമായ പൊടി, പുക, ചില തരം മരങ്ങൾ എന്നിവയുടെ സാമീപ്യം കുട്ടിയിൽ നിന്ന് ഒഴിവാക്കുക. ആസ്ത്മയുള്ള കുട്ടികൾ ഉണ്ടെങ്കിൽ ക്ലാസ് മുറികളുടെ വൃത്തി കൂടുതൽ ഉറപ്പാക്കുക. ചോക്കുപൊടിക്ക് അലർജിയുണ്ടെങ്കിൽ കുട്ടിയെ ബോർഡിന് സമീപം ഇരുത്തരുത്. ഡസ്റ്റർ കുട്ടി തൊടരുത് . പൊടി പരമാവധി കുറവുള്ള കളിസ്ഥലങ്ങൾ തിരഞ്ഞെടുക്കുക.
കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നമ്പർ അദ്ധ്യാപകരെ ഏൽപ്പിക്കുന്നതും വളരെ നല്ലതാണ്. സ്‌കൂളിൽ വച്ച് അസ്വസ്ഥതയുണ്ടായാൽ അടിയന്തര ഘട്ടമെങ്കിൽ വേഗം ഡോക്ടറെ ബന്ധപ്പെടാൻ ഇത് സഹായിക്കും.