ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപന സാദ്ധ്യത തിരിച്ചറിയാൻ, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താൻ സംസ്ഥാനങ്ങളോട് നിർദേശിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐ.സി.എം.ആർ). സാര്‍സ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.
നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐ.സി.എം.ആര്‍ പൈലറ്റ് സര്‍വേ നടത്തിയത്. രോഗബാധ സാദ്ധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.
എത്ര പേർ വീതം വേണമെന്നതു സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. കൊവിഡ് സ്ഥിരീകരിക്കാൻ സ്രവ പരിശോധന വീണ്ടും വരുമെങ്കിലും രക്ത സാംപിളിൽ എലിസ ആന്റിബോഡി ടെസ്റ്റ് നടത്തി വൈറസ് സാദ്ധ്യതയുണ്ടെന്ന പ്രാഥമിക നിർണയമാണ് ലക്ഷ്യം. സമൂഹവ്യാപനം അടക്കം തിരിച്ചറിയാൻ കഴിയും. കൊവിഡ് പ്രതിരോധത്തിലെ ഭാവി നടപടികളടക്കം തീരുമാനിക്കാനും ഇതുവഴി കഴിയും.
"ഇത്തരത്തില്‍ സമയബന്ധിതമായ സിറോ സര്‍വ്വേകള്‍ നിലവിലെ കൊവിഡ് വ്യാപനത്തിന്റെ ഗതി മനസിലാക്കാന്‍ സഹായകമാവും. മാത്രവുമല്ല സംസ്ഥാനങ്ങളോട് ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ പറയുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോതും മനസ്സിലാക്കാനാവും", മുതിര്‍ന്ന് ഐ.സി.എം..ആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.
എന്‍സൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. കൂടാതെ രക്തത്തിലെ ആന്റിബോഡികളെ കണക്കാക്കി മുന്‍കാല അണുബാധയെ കണ്ടെത്താനും ഈ ടെസ്റ്റിലൂടെ കഴിയും. ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐ.ജി.ജി. കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസിലാക്കാന്‍ സാധിക്കും.