covid-19

പാലക്കാട്: കുവൈറ്റിൽ നിന്നെത്തി വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കി, നഗരസഭ സർട്ടിഫിക്കറ്റുമായി മടങ്ങുന്നതിനിടെ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിപ്പ്. ഇതോടെ നഗരസഭയിലെ നാല് ജീവനക്കാരെ ക്വാറന്റൈനിലാക്കുകയും,യുവതി താമസിക്കുന്ന പാലക്കാട് പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിലാക്കുകയും ചെയ്തു.

മേയ് 13നാണ് യുവതി വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇവർക്ക് ഒന്നേകാൽ വയസുള്ള ഒരു കുഞ്ഞുമുണ്ട്. വീടിന് മുകളിലത്തെ നിലയിലായിരുന്നു ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. 25ാം തീയതി സാംപിൾ പരിശോധനയ്ക്ക് നൽകി കാത്തിരിക്കുകയായിരുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഫലം വന്നില്ലെന്ന അറിയിപ്പാണ് ലഭിച്ചത്.

തുടർന്ന് ക്വാറന്റൈൻ കാലവധി കഴിഞ്ഞ സർട്ടിഫിക്കറ്റ് വാങ്ങാൻ യുവതി നേരിട്ട് നഗരസഭയിലേക്ക് പോകുകയായിരുന്നു. തിരിച്ച് വരുമ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ച അറിയിപ്പ് വന്നത്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധന ഫലം കൃത്യസമയത്ത് ലഭിക്കാത്തതിനാലാണ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതെന്ന് യുവതി പറഞ്ഞു.