indian-

ദുബായ്: യു.എ.ഇയിലെ വ്യവസായികള കബളിപ്പിച്ചയാൾ വന്ദേഭാരത് ദൗത്യ വിമാനത്തിൽ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ആറ് ദശലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബയ് സ്വദേശി യോഗേഷ് അശോക് യരിയാവ(36)​യാണ് വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ നാട്ടിലേക്ക് കടന്നത്. യു.എ.ഇയിലെ 50ഓളം ബിസിനസുകാരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വിവിധ വ്യവാസായികളിൽ നിന്നായി 1.6 മില്യൺ ഡോളർ കെെക്കലാക്കിയാണ് ഇയാൾ കടന്നുകള‌ഞ്ഞത്.

മേയ് 11ന് അബുദാബിയിൽ നിന്ന് ഹെെദരാബാദ് വിമാനത്തിലായിരുന്നു കടന്നത്. 170 ഓളം പേർ ഈ വിമാനത്തിലുണ്ടായിരുന്നു. റോയൽ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗിന്റെ ഉടമയാണ് ഇയാൾ. ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പ് ഇയാൾ വിവിധ വ്യാപാരികളിൽ നിന്നായി നിരവധി സാധനങ്ങൾ വാങ്ങിയിരുന്നു.

ഫെയ്സ് മാസ്ക്കുകൾ,​ ഹാൻഡ് സാനിറ്റെെസർ,​ മെഡിക്കൽ ഗ്ലൗസുകൾ(ഏകദേശം 500000 ദിർഹം വിലമതിക്കുന്നത്)​ അല്‍ ബറക ഫുഡ്‌സില്‍ നിന്ന് അരി, നട്ട്‌സ്(393,000 ദിര്‍ഹം) യെസ് ബൈ ജനറല്‍ ട്രേഡിങില്‍ നിന്ന് ട്യൂണ, പിസ്ത, കുങ്കുമം(300,725 ദിര്‍ഹം), മെധു ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രഞ്ച് ഫ്രൈസ്, മൊസാറില്ല ചീസ്(229,000 ദിര്‍ഹം), അല്‍ അഹ്ദാബ് ജനറല്‍ ട്രേഡിങില്‍ നിന്ന് ഫ്രോസന്‍ ഇന്ത്യന്‍ ബീഫ്(207,000 ദിര്‍ഹം), എമിറേറ്റ്‌സ് സെസാമി ഫാക്ടറിയില്‍ നിന്ന് ഹല്‍വ, തഹിന(52812 ദിര്‍ഹം) തുടങ്ങിയവയാണ് വാങ്ങിയത്.

കൂടുതല്‍ ഇരകള്‍ പരാതിയുമായി എത്തിത്തുടങ്ങിയതോടെ പട്ടിക നീളുകയാണ്. ഇരകളാക്കപ്പെട്ടവര്‍ ബുധനാഴ്ച ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും തുടര്‍ന്ന് ബര്‍ ദുബയ് പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ചെക്കുകള്‍ ബൗണ്‍സായി തുടങ്ങിയതോടെയാണ് വ്യാപാരികള്‍ ബിസിനസ് ബേയിലെ ഓപല്‍ ടവറിലുള്ള റോയല്‍ ലക്കിന്റെ ഓഫിസിലെത്തിയത്. എന്നാല്‍, അത് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന 18 ജീവനക്കാരും മുങ്ങിയിരുന്നു. വെയര്‍ഹൗസ് പരിശോധിച്ചപ്പോള്‍ മുഴുവന്‍ കാലിയാക്കിയ നിലയിലായിരുന്നു.

തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താൻ എല്ലാ സഹായവും വനൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ റിപ്പോർട്ടുകളോട് പ്രതികരിച്ചു. തട്ടിപ്പിന് ഇരയായവരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യക്കാരന്റെ തട്ടിപ്പിന് ഇരയായ ഇവർക്ക് എല്ലാത്തരം സഹായങ്ങളും വാഗ്ദ്ധാനം ചെയ്തതായും വിപുൽ വ്യക്തമാക്കി.

പ്രധാന പ്രതിയായ യോഗേഷിനെതിരെ ഇന്ത്യയിലും യു.എ.ഇ യിലും നിയമ നടപടി സ്വീകരിക്കുമെന്ന് ഇരകളുടെ അഭിഭാഷകകനായ സലാം പാപ്പിനിശ്ശേരി അറിയിച്ചു. ഇന്ത്യക്കാരെ കൊണ്ടു പോകുന്ന് വന്ദേഭരാത് വിമാനത്തിൽ ഇത്തരത്തിലുള്ള ഒരാൾക്ക് സീറ്റ് ലഭിച്ചത് വിചിത്രമാണ്.

മുംബയ് സ്വദേശിയായ യോഗേഷ് വന്‍തുകയുമായി അടിയന്തര ഒഴിപ്പിക്കല്‍ വിമാനത്തിലാണ് നാട്ടിലേക്കു പോയത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു പോകേണ്ട വിമാനത്തില്‍ ഇങ്ങിനെയൊരു തട്ടിപ്പുകാരന് ഇന്ത്യന്‍ എംബസിസീറ്റ് നല്‍കിയത് അത്ഭുതകരമാണെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.