us

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. പതിനെട്ട് ലക്ഷത്തോളം ആളുകൾക്ക് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിൽ കൂടുതൽപേരാണ് യു.എസിൽ കൊവിഡ് മൂലം മരണപ്പെട്ടത്. സാമ്പദ്‌വ്യവസ്ഥയിൽ നഷ്ടമുണ്ടാകുമെന്ന് പേടിച്ചും, വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയന്ത്രണങ്ങൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ജനങ്ങളും പ്രസിഡന്റും നിരന്തരം ആവശ്യപ്പെടുമ്പോഴും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഏകദേശം ഇരുന്നൂറോളം പേർ ജോലിചെയ്യുന്ന ടെന്നസിയിലെ ഒരു ഫാമിൽ എല്ലാവർക്കും രോഗം സ്ഥിരീകരിച്ചു. ന്യൂജേഴ്സിയിൽ, ഗ്ലൗസെസ്റ്റർ കൗണ്ടിയിലെ ഒരു ഫാമിൽ അമ്പതിലധികം തൊഴിലാളികൾക്ക് വൈറസ് ബാധിച്ചു, അയൽരാജ്യമായ സേലം കൗണ്ടിയിൽ അറുപതോളം പേർ രോഗബാധിതരായി. മിക്ക ജോലി സ്ഥലങ്ങളിലെയും അവസ്ഥ ഇതു തന്നെ.

കൊവിഡ് ഏറ്റവും ബാധിച്ച ഒരു വിഭാഗം കാർഷിക തൊഴിലാളികളാണ്. രാജ്യത്തൊട്ടാകെയുള്ള ഫാമുകൾ സന്ദർശിക്കാൻ ബസുകളിൽ ഒരുമിച്ച് പോകുന്നതിനാലും, ഡോർമറ്ററികളിൽ ഒന്നിച്ച് താമസിക്കുന്നതിനാലുമൊക്കെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് കാർഷിക തൊഴിലാളികൾക്ക് കൊവിഡ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.

കാർഷിക മഖല താറുമാറാകുമെന്നതാണ് അധികൃതരിലുള്ള മറ്റൊരു ആശങ്ക. കൊവിഡ് കാരണം ജോലിക്കാരുടെ എണ്ണം കുറയും. ജോലിക്കാരിൽ നല്ലൊരു ശതമാനവും കുടിയേറ്റക്കാരാണ്. അമേരിക്കയിൽ കുടിയേറ്റക്കാർക്ക് വിലക്ക് കൽപിച്ചതോടെ തൊഴിലാളികളുടെ എണ്ണം വീണ്ടും കുറഞ്ഞു. പല വിളകൾക്കും ആയുസ് കുറവാണ്, രണ്ടാഴ്ചയോ മറ്റോ ആയിരിക്കും വിളവെടുക്കൽ കാലാവധി. വിളകൾ ശേഖരിക്കാൻ മതിയായ തൊഴിലാളികളില്ലെങ്കിൽ ഫലം ചീഞ്ഞഴുകിപ്പോകും

കൂടാതെ തൊഴിലാളികൾക്കിടയിൽ വൈറസ് കേസുകളുടെ വർദ്ധനവ് പലചരക്ക് കടയിലെ ചില പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവും വില കൂടാൻ കാരണമായി. കർഷകരെ പോലെ ഇറച്ചി തൊഴിലാളികളിലും രോഗം പടർന്നു പിടിക്കുകകയാണ്.