ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നൽകാനുള്ള നീക്കത്തിന് ആക്കം കൂട്ടി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബിൽ നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് നേപ്പാളിലെ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അറിയിച്ചു.
സാധാരണയായി നേപ്പാളിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാവാൻ ഒരുമാസമെടുക്കും. എന്നാൽ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് അടുത്ത് 10 ദിവസത്തിനുള്ളിൽ ബിൽ പാസാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നേപ്പാൾ പാർലമെന്റ് മറികടക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. നേപ്പാള്‍ നിയമ മന്ത്രി ശിവ മായയാണ് ബില്‍ പാര്‍ലമെന്റില്‍ മുന്നില്‍വെച്ചത്. നേപ്പാളിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പരസ്പര സംവേദനക്ഷമതയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കാരുമായും ഇടപഴകാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം നേപ്പാളിന്റെ അതിർത്തിയിലുള്ള ചെെനയുടെ പ്രദേശങ്ങളും നേപ്പാൾ അവകാശപ്പെട്ടിരുന്നു.
ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലിപുലേഖ് പ്രദേശമാണ് നേപ്പാള്‍ അവരുടെ ഭാഗമായി പുതിയ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതു കൂടാതെ കാലാപാനി, ലിംപിയാദുര, എന്നിവയും ഉൾപ്പെടുന്നു. ഇത് ചരിത്ര വസ്‍തുകള്‍ ലംഘിക്കുന്നത് ഏകപക്ഷീയവുമായ നടപടിയാണെന്ന് പറഞ്ഞ് ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള പാതയാണ് ലിപുലേഖ്. 1962ലെ ചെെനയുമായുള്ള യുദ്ധം മുതൽ ഇന്ത്യ കാവൽ നിൽക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.
ഇവ ഉള്‍പ്പെടുത്തിയുള്ള ഭൂപടം മെയ് എട്ടിനാണ് നേപ്പാളിലെ ഭരണകക്ഷി അംഗീകരിച്ചത്. മാനസരോവറിലേക്ക് പോകുന്നതിനായി ഇവിടെ ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചിരുന്നു. ഇതാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്. നേപ്പാളില്‍ കൊവിഡ് വൈറസ് പടരാന്‍ കാരണം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി കെപി ശര്‍മ ഒലി കുറ്റപ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമായ വൈറസാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെന്നായിരുന്നു ശര്‍മ ഒലി ആരോപിച്ചത്.