ബ്രസീലിയ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനിടെ ലോകത്ത് കൊവിഡ് വ്യാപനം ശക്തമാവുകയാണ്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളാണ് കൊവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ടുകൾ. അമേരിക്കയിൽ 18 ലക്ഷം രോഗികളുണ്ട്. പ്രതിദിന മരണം 1000ത്തിന് മേലെയാണ്. ആകെ മരണം - 1.5 ലക്ഷം. റഷ്യയിൽ രോഗികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 9000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന മരണം 100നകത്ത് നിൽക്കുന്നതാണ് രാജ്യത്തിന് ആശ്വാസം പകരുന്ന ഏക വിഷയം. ആകെ മരണം - 4,693.
ലാറ്റിനമേരിക്കയെ കടന്നാക്രമിച്ച് കൊവിഡ്
ബ്രസീലടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു. മരണസംഖ്യ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷമായി. ബ്രസീലിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രാജ്യത്ത് ആകെ രോഗികൾ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്തത്ര വേഗത്തിലാണ് ബ്രസീലിൽ കൊവിഡ് വ്യാപിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,340 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ മാത്രം 956 പേർ മരിച്ചു. ആകെ മരണം - 28,849. മെക്സിക്കോ, പെറു, ചിലി എന്നീ രാജ്യങ്ങളും കൊവിഡിന്റെ പിടിയിലാണ്. ചിലിയിൽ രോഗികൾ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. എന്നാൽ, മരണ നിരക്ക് താരതമ്യേന കുറവാണ്. ആകെ മരണം -.997. പെറുവിൽ രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ആകെ മരണം - 4,371. മരണസംഖ്യയിൽ ലാറ്റിനമേരിക്കയിൽ രണ്ടാമത് മെക്സിക്കോയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേർ മരിച്ചു. 2885 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം - 9,779. രോഗികൾ - 87,512.
ലോകത്താകെ മരണം - 3.71 ലക്ഷം
രോഗികൾ - 61 ലക്ഷം
ഭേദമായവർ - 27 ലക്ഷം
ഇറ്റലിയിൽ അടുത്ത ആഴ്ച മുതൽ യാത്ര ഇളവുകൾ.
ബ്രിട്ടനിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. സ്കൂളുകൾ തുറക്കും.
ചൈനയിൽ ആറ് പുതിയ കേസുകൾ. നാലെണ്ണം ലക്ഷണങ്ങളില്ലാത്തവ.
ആഫ്രിക്കൻ രാജ്യമായ റിവാൻഡയിൽ ആദ്യ കൊവിഡ് മരണം.
ജെറുസലേമിലെ അൽ അക്സ മുസ്ലിം ദേവാലയം തുറന്നു.
ദക്ഷിണ കൊറിയയിൽ 27 കേസുകൾ.
വിനോദസഞ്ചാരമേഖല തുറക്കാൻ ഗ്രീസ് തയ്യാറെടുക്കുന്നു.
തുർക്കി ആഭ്യന്തര വിമാന സർവീസുകൾ പുനഃരാരംഭിച്ചേക്കും.