apartheid
APARTHEID

ജറുസലേം: പൊലീസിന്റെ വംശീയ അതിക്രമത്തിനെതിരെ ഇസ്രായേലിലും പ്രതിഷേധം ശക്തമാകുന്നു. ടെൽ അവീവിൽ നിരവധിപേർ അണിനിരന്ന പ്രതിഷേധ പ്രകടനം അരങ്ങേറി. ശനിയാഴ്​ച രാവിലെ ജറുസലമിൽ പലസ്തീൻ പൗരനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാക്കിനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതിനെ തുടർന്നാണ് നഗരത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

നിരായുധനായിരുന്ന ഇയാദ് അൽ ഹല്ലാക്കിനെ ഇസ്രായേൽ പൊലീസ് വളരെ അടുത്തുനിന്നാണ്​​ വെടിവച്ച് കൊന്നത്​. 32 കാരനായ ഇദ്ദേഹം ഓൾഡ് സിറ്റിയിലെ സ്പെഷ്യൽ സ്കൂളിൽ ജീവനക്കാരനായിരുന്നു. കിഴക്കൻ ജറുസലമിലെ ഓൾഡ് സിറ്റിയിൽവെച്ചാണ്​ കൊല്ലപ്പെട്ടത്​. ഹല്ലാക്കിന്റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടെന്നായിരുന്നു പൊലീസി​ന്റെ ആ​രോപണം. എന്നാൽ, ആ‍യുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് പിന്നീട്​ വെളിപ്പെടുത്തി. നിൽക്കാനുള്ള നിർദേശം മറികടന്ന് മുന്നോട്ടു പോയ യുവാവിനെ പിന്തുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് വെടിയുതിർത്തത്.

വർണവെറിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്​ നിർത്തണമെന്ന്​ ​വംശീയാതിക്രമത്തിനെതിരെ പ്രവർത്തിക്കുന്ന സെന്റർ ഫോർ റേഷിസം വിക്​ടിംസ്​ ഭാരവാഹികൾ ആവശ്യപ്പെട്ടു.‘‘അറബികൾ, ഇത്യോപ്യക്കാർ, കറുത്ത വർഗക്കാർ എന്നിവരെ മുൻവിധിയോടെ വെടിവെച്ച്​ കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉ​ദ്യോഗസ്​ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്​" -സെന്റർ ആരോപിച്ചു.