സിഡ്‍നി: തിരക്കു പിടിച്ച ഔദ്യോഗിക ജീവിതത്തിനിടെ, അൽപ്പം വിശ്രമിക്കാമെന്ന് കരുതിയപ്പോഴാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസിന് ഒരു ഐഡിയ തോന്നിയത്. കുറച്ച് സമൂസ ഉണ്ടാക്കിയാലോ?...വൈകാതെ തന്നെ കച്ചമുറുക്കി മോറിസൻ അടുക്കളയിലേക്ക് ഇറങ്ങി. നല്ല അടിപൊളി സമൂസയും സൈഡ് ഡിഷായി മാങ്ങാ ചമ്മന്തിയും ഉണ്ടാക്കി.
കഴിഞ്ഞില്ല... താൻ സമൂസയുമായി നിൽക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാനും അദ്ദേഹം മറന്നില്ല. സമോസയ്ക്ക് 'സ്‍കൊമോസ" എന്നാണ് മോറിസൺ പേര് നൽകിയത്. ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട സമോസ നരേന്ദ്ര മോദിയുമായി പങ്കുവെക്കാൻ ആഗ്രഹമുണ്ടെെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
നാലിന് മോദിയും മോറിസണും വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്‍ച നടത്തുന്നുണ്ട്. ഇക്കാര്യവും ട്വീറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ നയതന്ത്ര ബന്ധത്തിന് തുടക്കമിടുന്നതിന്റെ സൂചനയാണ് മോറിസന്റെ സമോസ ട്വീറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് മോദി ഒരു വിദേശനേതാവുമായി കൂടിക്കാഴ്‍ചയ്ക്ക് ഒരുങ്ങുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ആസ്ട്രേലിയ ചൈനയെ കുറ്റപ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മോദി - മോറിസൻ കൂടിക്കാഴ്ച എന്നതും പ്രധാനമാണ്.