ജിദ്ദ: കൊവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയതിനൊപ്പം, സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന പിഴശിക്ഷാ നീക്കങ്ങളുമായി സൗദി അറേബ്യ. മുഖാവരണം ധരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴയും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴയും ഏർപ്പെടുത്തി. അതേസമയം പരിമിതമായ എണ്ണം ആളുകൾ പങ്കെടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാത്രമല്ല, രാജ്യത്ത് ഇന്നലെ മുതൽ ആഭ്യന്തര വിമാനസർവീസുകളും ട്രെയിൻ ഗതാഗതവും തുടങ്ങി. അതേസമയം, ദുബായിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെ ബീച്ചുകളിലും പാർക്കുകളിലും ചെറിയ റോഡുകളിലെല്ലാം വ്യായാമം ചെയ്യാനെത്തുന്നവർ ഏറി. എന്നാൽ, അഞ്ചിലധികം പേർ സംഘം ചേർന്ന് വ്യായാമം നടത്തുന്നതിന് വിലക്കുണ്ട്.
രണ്ടുലക്ഷം കടന്നു
കൊവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെ(2,19,919) ഉയർന്ന ഗൾഫ് മേഖലയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് നേരിയ ആശ്വാസത്തിനിടയാക്കുന്നു. അതേസമയം, രോഗവ്യാപനത്തോത് വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. യു.എ.ഇ, സൗദി, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലായി ഇതിനകം 1045 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതൽ മരണം സൗദി അറേബ്യയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 480 പേരാണ് ഇവിടെ മരിച്ചത്.