വാഷിംഗ്ടൺ: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസുദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് വച്ച് ഞെരിച്ച് കൊന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ആളിക്കത്തുന്ന കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നു. 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ അതാത് ഭരണകൂടങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ നേരിടാൻ മിലിറ്ററി പൊലീസും രംഗത്ത് ഇറങ്ങി. നാഷണൽ ഗാർഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്. ടെന്നിസിയിൽ നാഷ്വില്ലെസ് സിറ്റി ഹാളിന് പ്രതിഷേധക്കാർ തീവച്ചു.
ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. ഇതിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ഒരു പൊലീസുദ്യോഗസ്ഥനും ഇവിടെ പരിക്കേറ്റു. ലോസ് ഏഞ്ചലസ് അടക്കമുള്ള നിരവധി ഇടങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്. ജോർജിനെ കഴുത്ത് ഞെരിച്ചുകൊന്ന പൊലീസുകാരൻ ഡെറക് ചോവിനെ കൊലക്കുറ്റം ചുമത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അമേരിക്കയിലെമ്പാടും പൊലീസ് ആസ്ഥാനങ്ങൾക്ക് നേരെയുള്ള അക്രമം തുടരുകയാണ്. ഫെർഗൂസൻ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചു. വാഷിംഗ്ടനിൽ വൈറ്റ് ഹൗസിനു പുറത്തും പ്രതിഷേധക്കാർ എത്തി. അതേസമയം, വൈറ്റ് ഹൗസിലെത്തിയ പ്രതിഷേധക്കാർ ജോർജ് ഫ്ലോയ്ഡിന് വേണ്ടി പ്രതിഷേധിക്കാൻ വന്നതല്ലെന്നും, അവർ ആയുധങ്ങളും, വേട്ടനായ്ക്കളുമായി സീക്രട്ട് സർവീസിനെ നേരിടാൻ സാധ്യതയുണ്ടെന്നും, ഇതിനെ കൃത്യമായി സീക്രട്ട് സർവീസ് നേരിട്ടുവെന്നുമുള്ള തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകൾക്കെതിരെയും പ്രതിഷേധം കടുക്കുകയാണ്.
വിമർശനമുയർത്തി ട്രംപിന്റെ നിലപാട്
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം വലിയ ദുരന്തമാണെന്ന പ്രസ്താവനയ്ക്കുമപ്പുറം, അക്രമികളെ കർശനമായി നേരിടും എന്ന തരത്തിലുള്ള പ്രസ്താവനകൾക്കാണ് ട്രംപ് ഊന്നൽ കൊടുക്കുന്നതെന്നതാണ് പരക്കെയുള്ള ആക്ഷേപം. മിനിയാപോളിസിൽ ഡെമോക്രാറ്റായ ഗവർണർ ശ്രമിച്ചിട്ട് നടക്കാത്ത ക്രമസമാധാനപാലനം സൈന്യത്തെ വിട്ട് ഞാൻ നടപ്പിലാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം, പ്രതിഷേധക്കാരെ തീർത്തും മോശമായ ഭാഷയിൽ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ വാഷിംഗ്ടൺ ഗവർണർ അടക്കം വിമർശനം കടുപ്പിക്കുകയാണ്.