covid-19

ന്യൂഡൽഹി: ഇന്ത്യയിൽ ലോക്ക് ഡൗണിന്റെ നാലാംഘട്ടത്തിലാണ് പകുതിയോളം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്. മേയ് 18 ന് ലോക്ക് ഡൗണിന്റെ നാലാംഘട്ടം ആരംഭിക്കുമ്പോൾ 85,974 കൊവിഡ് 19 കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ പകുതിയോളം വരും.


മേയ് 31 ന് അർദ്ധരാത്രി അവസാനിക്കുന്ന ലോക്ക്ഡൗണിൽ മൊത്തം അണുബാധ കേസുകളിൽ 47.20 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് രാജ്യത്ത് 10,877 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ ഏപ്രിൽ 15 ന് ആരംഭിച്ച് മേയ് 3 വരെ നീണ്ടു. ഈ സമയം 31,094 കേസുകളാണ് ഉണ്ടായിരുന്നത്.

ലോകത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആദ്യ കേസ് ജനുവരി 30 ന് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയ്ക്കാണ് ഇന്ത്യയിൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,380 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,82,143 ആയി ഉയർന്നു. മരണസംഖ്യ 5,164 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.