space

കേപ്കനാവറൽ: ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം സൃഷ്‌ടിച്ച്,​ സ്വകാര്യ കമ്പനിയായ സ്പേ‌സ് എക്സ് വികസിപ്പിച്ച ഫാൽക്കൺ 9 റോക്കറ്റിലേറിയ ക്രൂ ഡ്രാഗൺ പേടകം രണ്ടു സഞ്ചാരികളുമായി ഇന്നലെ രാത്രി 7.52 ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി സന്ധിച്ചു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.52 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു, നാസയുടെ യാത്രികരുമായി ഫാൽക്കൺ 9 വിക്ഷേപണം.

പത്തൊൻപത് മണിക്കൂർ നീണ്ട പ്രയാണത്തിനൊടുവിലാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്.
ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി, സ്പേസ് എക്‌സ് (സ്പേസ് എക്‌സ്‌പ്ലൊറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ)​.

ചരിത്രത്തിലാദ്യമായി, ആവർത്തിച്ച് ഉപയോഗിക്കാവുന്ന റോക്കറ്റും മനുഷ്യപേടകവുമാണ് ദൗത്യത്തിന്റെ പ്രത്യേകത.

വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഫാൽക്കൺ റോക്കറ്റിന്റെ ഒന്നാം ഘട്ടം അറ്റ്ലാന്റിക് സമുദ്രത്തിലെ പ്ലാറ്റ്ഫോമിൽ നാലു കാലിൽ കുത്തനെ ലാൻഡ് ചെയ്‌തു. ബഹിരാകാശ യാനം തിരികെ ഭൂമിയിൽ കുത്തനെ ലാൻഡ് ചെയ്യുന്ന സാങ്കേതികവിദ്യ ആദ്യമായാണ്.

@ ഭമണപഥത്തിൽ ക്രൂ ഡ്രാഗൺ ബഹിരാകാശ നിലയത്തെ പിന്തുടർന്നു

@ രണ്ടിന്റെയും വേഗത മണിക്കൂറിൽ 28,000 കിലോമീറ്റർ

@ 90 മിനിറ്റിലൊരിക്കൽ ഭൂമിയെ ഭ്രമണം ചെയ്‌തു

@ ദിവസം 16 സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും സാക്ഷി

@ എൻജിൻ ജ്വലിപ്പിച്ച് ക്രമേണ വേഗത കൂട്ടി നിലയത്തോട് അടുത്തു

@ രാത്രി 7.52 ന് പേടകം നിലയത്തിൽ സ്വയം സന്ധിച്ചു

സഞ്ചാരികൾ

@ ഡഗ്ളസ് ഹർലി (53)​,​ ബോബ് ബെൻകെൻ (49)

@ മുൻ മിലിട്ടറി പൈലറ്റുമാർ​

@ ഇരുവരും നാസയുടെ സഞ്ചാരികൾ

@ സ്‌പേസ് ഷട്ടിൽ ദൗത്യങ്ങളിൽ വിപുലമായ പരിചയം

@ ആഴ്ചകൾക്കു ശേഷം ഇരുവരും ക്രൂ ഡ്രാഗണിൽ തിരികെ ഭൂമിയിലെത്തും.

സ്പേസ് എക്‌സ്

@ ഇലോൺ മസ്‌ക് (53)​ എന്ന കോടീശ്വരന്റെ റോക്കറ്റ് കമ്പനി

@ സ്ഥാപിച്ചത് 2002ൽ കാലിഫോർണിയയിൽ

@ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകളും റോക്കറ്റ് എൻജിനും മനുഷ്യ പേടകവും ചരക്കു പേടകവും സ്‌പേസ് സ്യൂട്ടും നിർമ്മിക്കുന്നു

@ നാസയുമായി വിക്ഷേപണ കരാർ

@ ബഹിരാകാശ നിലയത്തിലേക്ക് 21 കാർഗോ ദൗത്യങ്ങൾ

@ ഇലക്ട്രിക് കാർ കമ്പനി ടെസ്‌ലയും മസ്‌കിന്റേതാണ്