കൊവിഡിന് പിന്നാലെ കടുവാ പേടിയിലാണ് പത്തനംതിട്ടക്കാർ. കൊവിഡ് സമ്പർക്ക വ്യാപനത്തിൽ നിന്ന് മുക്തമായ മലയോര നാടിനെ ഇപ്പോൾ ലോക് ഡൗണിലാക്കിയത് കടുവയാണ്. തണ്ണിത്തോട്ടിൽ റബർ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന യുവാവിനെ കടുവ കടിച്ചു കൊന്നതിനെ തുടർന്നുണ്ടായ ഭീതി ആളുകളിൽ നിന്ന് വിട്ടകലുന്നില്ല. വനംവകുപ്പ് പല സ്ഥലങ്ങളിലായി കൂട് വച്ച് കടുവയെ കുടുക്കാൻ ശ്രമിച്ചെങ്കിലും അതിലൊന്നും വീഴാതെ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ് കക്ഷി. തണ്ണിത്തോട്ടിൽ നിന്ന് പോയ കടുവയെ വടശേരിക്കരയിൽ കണ്ടെന്നും വീണ്ടും തണ്ണിത്തോട്ടിൽ എത്തിയെന്നും വാർത്തകൾ പരന്നു. മനുഷ്യനു പിന്നാലെ പശുവും കാട്ടുപന്നിയും ആക്രമിക്കപ്പെട്ടു. ശല്ല്യമാകുന്ന വന്യമൃഗങ്ങളെ മയക്ക് വെടി വച്ച് വീഴ്ത്താൻ തോക്കുമായി കാടും മലയും കയറിയിറങ്ങിയ വനപാലകർ മടുത്ത് മടങ്ങിയതിന് ശേഷമാണ് വീണ്ടും കടുവയെ കണ്ടെന്ന വിവരം ആളുകളിൽ ഭയം വിതച്ചത്.
ശല്ല്യമാകുന്ന വന്യമൃഗങ്ങളെ മയക്ക് വെടി വച്ച് വീഴ്ത്താൻ തോക്കുമായി കാടും മലയും കയറിയിറങ്ങിയ വനപാലകർ മടുത്ത് മടങ്ങി. തണ്ണിത്തോട്ടിൽ മനുഷ്യനെ കൊന്ന കടുവയെ ഡ്രോൺ കാമറ വനത്തിനുള്ളിൽ കണ്ടെത്തിയെങ്കിലും മയക്ക് വെടി വച്ച് വീഴ്ത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ വിവാദങ്ങളും തല പൊക്കി. പരിശീലനം നേടിയ കുങ്കിയാനയുടെ പുറത്ത് നിന്ന് വീണ് പാപ്പാൻ മുരുകന് പരിക്കേറ്റത് വാദ പ്രതിവാദങ്ങൾക്ക് തിരികൊളുത്തി. പരിശീലനത്തിന്റെ ഭാഗമായി വെടിവച്ചപ്പോൾ ശബ്ദം കേട്ട് വിരണ്ട ആന പാപ്പാനെ കുലുക്കിയിട്ടതാണെന്ന നാട്ടുകാടെ വാദം അംഗീകരിക്കാൻ വനംവകുപ്പ് തയ്യാറായില്ല. ആനയുടെ കാലിൽ കയറി നിന്ന് പുറത്തെ മണ്ണ് നീക്കുന്നതിനിടെ പാപ്പാൻ തെന്നി വീണുവെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഏതായാലും മുരുകന് നാല് മാസത്തെ കിടപ്പ് വിശ്രമം വിധിച്ചിരിക്കുകയാണ് ഡോക്ടർമാർ. പരിശീലനം ലഭിക്കാത്ത ആനയെയും പാപ്പാനെയുമാണ് കടുവയെ കുടുക്കാൻ കൊണ്ടുവന്നതെന്ന ആരോപണം ബലപ്പെട്ടു.
ഇതിനിടെ, കടുവയെ വീഴ്ത്താൻ പൊലീസിലെ ഷാർപ്പ് ഷൂട്ടർമാരെ രംഗത്തിറക്കി. പൊലീസിന്റെ ഷാർപ്പ് ഷൂർട്ടർമാരുടെ തോക്ക് ഉപയോഗിച്ച് കടുവയെ കൊല്ലാൻ കഴിയുമോ എന്ന ചോദ്യം പിന്നാലെ ഉയർന്നു. കടുവയെ വെടിവച്ചാൽ സംരക്ഷിത വിഭാഗത്തിൽ പെട്ട വന്യമൃഗത്തെ കൊന്നതിന് കെണിയിലാകുമെന്ന് മണത്തറിഞ്ഞിട്ടെന്നോണം പൊലീസും പിൻവാങ്ങി. ഒടുവിൽ, കടുവയെ കണ്ടെത്താനാകാതെ കൂടും കിടക്കയുമെല്ലാമായി വനപാലകരും തിരിച്ചുപോയി.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇടുക്കി കഞ്ഞിക്കുഴി വടക്കേതിൽ ബിനീഷ് മാത്യുവാണ് (36).
പ്ളാന്റേഷൻ കോർപ്പറേഷൻ റബർ തോട്ടങ്ങൾ കരാറെടുത്ത് ടാപ്പിംഗ് നടത്തിവരികയായിരുന്നു ബിനീഷ്. കടുവ കാട്ടു മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതിന് സമാനമായി കഴുത്തിനാണ് കടിയേറ്റത്.
കൊന്നത് പുലിയോ കടുവയോ എന്നായിരുന്നു ആദ്യ സംശയം. അതു തീർത്തിട്ടു മതി അടുത്ത ന
ടപടിയെന്ന തീരുമാനത്തിന് പിന്നാലെയാണ് കാടിന് മേലെ ഡ്രോൺ പറന്നത്. പുല്ലുകൾക്കിടയിൽ അവശനായി കിടക്കുന്ന കടുവ കാമറയിൽ പതിഞ്ഞു. രണ്ടു ദിവസം യുദ്ധസന്നാഹത്തോടെ കാട് അരിച്ചു പെറുക്കിയ വനപാലകർക്ക് കടുവയുടെ പൂട പോലും കണ്ടെത്താനായില്ല. മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞ നരഭോജി കടുവ വീണ്ടും വന്നേക്കുമെന്ന ഭീതിയിൽ ആളുകൾ കുട്ടികളെയും കൂട്ടി വീട്ടിലിരിപ്പാണ്. ഇതിനിടെയാണ് വടശേരിക്കര പേഴുംപാറയിൽ വീട്ടമ്മയെയും ഭർത്താവിനെയും അജ്ഞാത ജീവി ഒാടിച്ചത്. റബർ തോട്ടത്തിനുള്ളിൽ പതുങ്ങിക്കിടന്ന ജീവിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ. പൂച്ചയോ പുലിയോ കടുവയോ എന്നുറപ്പിച്ചു നോക്കാനുളള മനശക്തിയില്ലാതെ വിരണ്ടോടിയ രണ്ടുപേരും അടുത്തുള്ള വീട്ടിൽ കയറി. തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടെന്ന് ഇരുവരും പറഞ്ഞെങ്കിലും പുലിയോ കടുവയോ എന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പിന് കഴിഞ്ഞില്ല.
മെയ് ഏഴിന് മനുഷ്യനെ കൊന്ന കടുവ ഒരു മലയും കാടും കടന്ന് പേഴുംപാറയിലെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു. വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും ഒന്നിനെയും കണ്ടില്ല. കടുവ അവശനാണെന്നും കാട്ടിലേക്ക് പോയിക്കാണുമെന്നും വനംവകുപ്പിന്റെ വാക്കുകൾ കേട്ട് നാട്ടുകാർ ആശ്വസിച്ചു കഴിയുമ്പോഴാണ് അവിടെത്തന്നെ കഴിഞ്ഞ ദിവസം വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത്. കാട്ടുപന്നികളിലൊന്നിലെ കടുവ 'പൊക്കി'യതായും പറയുന്നു.
തണ്ണിത്തോടിനെയും വടശേരിക്കരയെയും കടുവ വിറപ്പിക്കുമ്പോൾ പത്തനംതിട്ട നഗരത്തിനോട് മൂന്ന് കിലോമീറ്റർ അടുത്ത് കുമ്പഴയിൽ പുലിയാണ് വില്ലൻ. പുലയുടേതിന് സമാനമായ കാൽപ്പാടുകളാണ് കണ്ടത്.
കൊവിഡും കടുവയും പുലിയും പത്തനംതിട്ടക്കാരെ വീട്ടിനുള്ളിലാക്കി. ഇനി വരാനുള്ളത് പ്രളയമാണ്.