covid

കൊച്ചി: ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി, ഏതാണ്ടെല്ലാ രാജ്യങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴ്ത്തിക്കഴിഞ്ഞു. ഒരുകാലത്ത്, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ചൂടിയിരുന്ന ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ നെഗറ്രീവ് ജി.ഡി.പിയുടെ ഭീതിയിലുമായി.

പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല രാജ്യങ്ങളും കണ്ടെത്തിയത് പലവിധ വഴികളാണ്. ചില രാജ്യങ്ങൾ ജനത്തിന് കൈവശം നേരിട്ട് കാശ് കൊടുത്തു. ഇന്ത്യയിലും, ഈ ആവശ്യം ശക്തമാണെങ്കിലും, സർക്കാർ ചെയ്‌തത് 'മൂലധന പിന്തുണ" പ്രഖ്യാപിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ ആത്‌മനിർഭർ പാക്കേജ്.

കേന്ദ്ര ബാങ്കിനെക്കൊണ്ട് കൂടുതൽ കറൻസി അച്ചടിപ്പിച്ചാണ് അമേരിക്കയും ബ്രിട്ടനും പാക്കേജിന് പണം കണ്ടെത്തിയത്. റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ, നോബൽ ജേതാവ് അഭിജിത് ബാനർജി, നമ്മുടെ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് എന്നിവരടക്കമുള്ള പ്രമുഖർ ഇത് ഇന്ത്യയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ബാങ്ക് വായ്‌പകളെ ആയുധമാക്കിയാണ്, ആത്‌മനിർഭ‌ർ പാക്കേജ് കേന്ദ്രം തയ്യാറാക്കിയത്. ഇതിൽ, കേന്ദ്രം നേരിട്ട് ചെലവാക്കുന്ന തുക ജി.ഡി.പിയുടെ രണ്ടു ശതമാനത്തോളം മാത്രം.

ദരിദ്ര-ഇടത്തരം കുടുംബങ്ങൾക്ക് അമേരിക്ക അയച്ചുകൊടുത്തത് 1,200 ഡോളറിന്റെ ചെക്കാണ്; ഏതാണ്ട് 90,000 രൂപ. ഹോങ്കോംഗ് കൊടുത്തത് 1,300 ഡോളർ (97,000 രൂപ). ചില രാജ്യങ്ങൾ, സ്വകാര്യ കമ്പനികൾ ജീവനക്കാരെ പിരിച്ചയയ്ക്കുന്നത് തടയാൻ അവരുടെ ശമ്പളം താത്കാലികമായി കൊടുക്കാമെന്നേറ്റു. മറ്റുചില രാജ്യങ്ങളിൽ, 'യൂണിവേഴ്‌സൽ ബേസിക് ഇൻകം" (സാർവത്രിക അടിസ്ഥാനവരുമാന പദ്ധതി) വേണമെന്ന ആവശ്യം ശക്തമായി. എന്നുവച്ചാൽ, തൊഴിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും സർക്കാർ മാസന്തോറും കാശ് തരും!

ഇത് ജനങ്ങളുടെ സമ്പദ്‌ഞെരുക്കം ഇല്ലാതാക്കും. ദാരിദ്ര്യം ഇല്ലാതാക്കും. പണത്തിനായി, തൊഴിലിനെ പൂർണമായും ആശ്രയിക്കുകയും വേണ്ട. ഇതൊക്കെയാണ് ഗുണം. ഇങ്ങനെ കാശെറിഞ്ഞ് കരകയറാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും ആലോചിട്ടിട്ടില്ല. കാരണം, നാണയപ്പെരുപ്പ പേടി തന്നെ. കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയും (കടബാദ്ധ്യത) കുതിക്കും.

കൊവിഡും നെഗറ്റീവ്

ജി.ഡി.പിയും

2020ൽ നെഗറ്റീവ് ജി.ഡി.പി ഭീതിയിലായ പ്രമുഖ രാജ്യങ്ങൾ:

 ഇന്ത്യ

 അമേരിക്ക

 ബ്രിട്ടൻ

 ജപ്പാൻ

 സിംഗപ്പൂർ

 ഇറ്റലി

 ഹോങ്കോംഗ്

 സ്‌പെയിൻ

 സൗദി അറേബ്യ

 റഷ്യ

 ഫ്രാൻസ്

 ദക്ഷിണ കൊറിയ

തളർന്നിട്ടും പോസിറ്രീവ്

കൊവിഡ് പ്രതിസന്ധിയിലും നെഗറ്രീവ് ജി.ഡി.പി ഭീതിയില്ലാത്ത രാജ്യങ്ങൾ:

 ചൈന

 ഇൻഡോനേഷ്യ