തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്ന് മൂന്നുമാസമായി സ്തംഭിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവേകി നാളെ മുതൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുകയാണ്. എന്നാൽ ഇത്തവണ പുതിയ യൂണിഫോണും ബാഗും അണിഞ്ഞല്ല് കുട്ടികൾ സ്കൂളിലേക്ക് പോകുന്നതല്ല. ക്ലാലസുകൾ അവർക്കായി വീട്ടിലേക്ക് എത്തുകയാണ്. ഒന്നാംക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻക്ലാസുകൾ നാളെ മുതൽ ആരംഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. വിക്ടേഴ്‌സ് ചാനലിലൂടെയാണ് നാളെ കേരള സർക്കാർ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്.
ഈ അവസരത്തിൽ വിക്ടേഴ്സ് ചാനലിന് തുടക്കമിട്ട അന്നത്തെ യു.ഡി.എഫ് സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ ചാനലിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാം ഉദ്ഘാടനം ചെയ്ത ചിത്രം സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ.
‘എസ് എസ് എൽ സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉൾപ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ ഐടി പരീക്ഷ സോഫ്റ്റ്‌വെയർ നിർമിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും അവർ എതിർപ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷേ പ്രാർത്ഥന ദൈവം കെട്ടു. ഐ.ടി പരീക്ഷ ഭംഗിയായി നടന്നു.’ അദ്ദേഹം കുറിച്ചു.
ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ധന്യമായ ഒരു നിമിഷത്തിന്റെ ഓർമ്മയ്ക്ക്.
കോവിഡ് 19ന്റെ പ്രയാസ വലയത്തിന് നടുവിൽ നിന്ന് കൊണ്ടാണെങ്കിലും നാളെ സ്കൂൾ തുറക്കുകയും വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ പോവുകയാണെന്നും അറിഞ്ഞപ്പോൾ എന്നിലുയർന്ന ചില സ്മരണകൾ ഇവിടെ കുറിച്ചിടട്ടെ.
യു.ഡി.എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഏർപ്പെടുത്തിയ ഒരു പുതിയ ആശയം. എസ് എസ് എൽ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉൾപ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. IT പരീക്ഷ ബഹിഷ്കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ IT പരീക്ഷ സോഫ്റ്റ്‌വെയർ നിർമിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും അവർ എതിർപ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷെ പ്രാർത്ഥന ദൈവം കെട്ടു. IT പരീക്ഷ ഭംഗിയായി നടന്നു.
വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് ഭ്രമണ പഥത്തിലേക്ക് തൊടുത്തു വിട്ടപ്പോൾ അതിന്റെ പ്രയോജനം ആദ്യമായിട്ട് ഉപയോഗപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ മാറ്റി. ISRO യുമായി ചേർന്ന് ഒട്ടനവധി സംരഭങ്ങൾക്ക് അന്ന് തുടക്കം കുറിച്ച കേരള സംസ്ഥാനം, ഇന്ത്യയിൽ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. അതിന്റെ ഉദ്‌ഘാടനം നമ്മുടെ രാഷ്ട്രപതിയും ശാസ്ത്ര സാങ്കേതിക രംഗത്തെ കുലപതിയുമായ ഡോ.എ.പി.ജെ അബ്ദുൽ കലാം തന്നെ നിർവഹിച്ചു തരികയും ചെയ്തു. കുട്ടികളുമായി അദ്ദേഹം ഒരുപാട് നേരം ചെലവഴിച്ചു. അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടുതൽ ഉയരത്തിലെത്താൻ സ്വപ്നം കാണാൻ പറഞ്ഞുകൊണ്ടുമാണ് വിക്ടേഴ്‌സിന്റെ ഉദ്‌ഘാടനം കഴിഞ്ഞത്. വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും ICT യുടെ സാങ്കേതിക മികവുകളും നമ്മുടെ കുട്ടികൾക്കും കിട്ടട്ടെ എന്നായിരുന്നു സങ്കൽപ്പം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനാത്മകതകളും കേരളത്തിന്റെ സർഗാത്മാകതയും നമ്മുടെ കുട്ടികളെ ഉന്നതിയിലെത്തിക്കുമല്ലോ എന്ന ആഗ്രഹവും നമുക്കുണ്ടായിരുന്നു. എന്നാൽ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്പരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടർ നാടുനീങ്ങിയില്ല. ഇപ്പോൾ നമ്മൾ കുടുക്കിലായപ്പോൾ വിക്ടർ പറഞ്ഞു. "പേടിക്കണ്ട, ഞാനുണ്ട് കൂടെ ". അങ്ങനെ കുട്ടികളെ വിക്ടറി പീഠത്തിലെത്തിക്കാൻ വിക്ടർ വർധിത വീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓൺലൈൻ വിദ്യാഭ്യാസത്തിന് നന്മ നേരുന്നു . സ്നേഹാദരവോടെ.. ഇ ടി മുഹമ്മദ് ബഷീർ