ന്യൂഡൽഹി: കൊവിഡ് മഹാവ്യാധി അവസരമായെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് എഴുത്തുകാരനും ചരിത്രകാരനായ രാമചന്ദ്ര ഗുഹ. സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ വെട്ടിക്കുറച്ച് രാജ്യം മുഴുവനും തന്റെ അധീനതയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന ലേഖനത്തിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.
സമാനമായ രീതിയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ടുവന്നതിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും രാജ്യത്തെ തന്റെ വരുതിയിലാക്കാൻ ശ്രമിച്ചതും രാമചന്ദ്രഗുഹ തന്റെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പ്രത്യശാസ്ത്രങ്ങളെയും ജീവിത സാഹചര്യങ്ങളെയും കണക്കിലെടുക്കുമ്പോൾ മോദിയും ഇന്ദിരയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരുടെയും പ്രവർത്തന ശൈലികൾ തമ്മിൽ അത്ഭുതകരമായ സമാനതകളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
പാർട്ടിയെയും സർക്കാരിനെയും ഭരണത്തെയും രാജ്യത്തെ തന്നെയും സ്വന്തം വ്യക്തിത്വ വിപുലീകരണത്തിനായുള്ള മാർഗങ്ങളായാണ് ഇരുവരും കണ്ടതെന്നും അദ്ദേഹം തന്റെതന്നെ 2013ലെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു. ഇന്ദിരയുടെ ഭരണരീതിക്ക് സമാനമായി ഭരണത്തിലേറിയതിന് പിന്നാലെ, മോദി രാജ്യത്തെ മാദ്ധ്യമങ്ങളെയും സിവിൽ സർവീസുകളെയും അന്വേഷണ ഏജൻസികളെയും തന്റെ രാഷ്ട്രീയ ഉപകരണങ്ങളായി മാറ്റിയെന്നും സ്വന്തമായൊരു ബിംബ നിർമിതിക്കുള്ള ശ്രമം ആരംഭിച്ചുവെന്നും അദ്ദേഹം പറയുന്നു.
എന്നാൽ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് മോദിയുടെ ഈ കടന്നുകയറ്റത്തെ തടയാൻ കഴിയുമെന്ന് കരുതിയ തന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നും അദ്ദേഹം സമ്മതിക്കുന്നു. പ്രധാനമായും, കൊവിഡ് 19 രോഗത്തിന്റെ പൊട്ടിപുറപ്പെടലും തുടർന്നുണ്ടായ സാഹചര്യവുമാണ് തന്റെ ആ ചിന്തകളെ ആസ്ഥാനത്താക്കിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മഹാമാരി ഒരു അവസരമായി എടുത്തുകൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്തെ ഫെഡറൽ ഭരണസംവിധാനത്തിനെതിരെ പ്രവർത്തിക്കുകയും അധികാരം തങ്ങളിലേക്ക് ചുരുക്കുകയുമാണ് ഉണ്ടായത്. ഗുഹ അഭിപ്രായപ്പെടുന്നു.
ജി.എസ്.ടി വഴി പിരിച്ചുകിട്ടിയ 30,000ത്തോളം കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകാതെ വൈകിപ്പിക്കുക, സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധികളിലേക്ക് എത്തേണ്ടിയിരുന്ന തുക കൂടി പ്രത്യേക ഇളവുകൾ നൽകി പ്രധാനമന്ത്രിയുടെ 'പി.എം.കെയേർസ്' ഫണ്ടിലേക്ക് ആകർഷിക്കുക, അതേക്കുറിച്ചുള്ള കണക്കുകൾ മറച്ചുവയ്ക്കുക, എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പദ്ധതി റദ്ദാക്കുക, സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ പക്ഷപാതിത്വപരമായ നിലപാടുകൾക്ക് വഴിയൊരുക്കുക, തുടങ്ങിയ കേന്ദ്ര നിലപാടുകളാണ് ഇതിനുള്ള കാരണങ്ങളെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നു.
ഇന്ത്യൻ ഫെഡറൽ ഭരണസംവിധാനത്തെ തകർക്കാനുള്ള മോദിയുടെ ശ്രമങ്ങളെ വിജയിക്കാൻ അനുവദിച്ചുകൂടായെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. ഇതിനെതിരെ സംസ്ഥാനങ്ങൾ തങ്ങൾക്ക് പറ്റുന്ന രീതിയിൽ പൊരുതണമെന്നും അദ്ദേഹം നിർദേശിക്കുന്നു. 'ഒരു പാർട്ടി, ഒരു പ്രത്യയശാസ്ത്രം, ഒരു നേതാവ്- ഇവർ തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം പ്രവർത്തിച്ചാൽ നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ ശോഭ നഷ്ടപ്പെടും എന്നതാണ് അടിയന്തരാവസ്ഥയിൽ നിന്നും പഠിക്കാനുള്ള ഏറ്റവും വലിയ പാഠം' അദ്ദേഹം പറഞ്ഞുനിർത്തുന്നു.