മുംബയ്: തന്നെ മികച്ച ക്യാപ്ടനും ബാറ്റ്സ്മാനുമാക്കിയതിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് വിരാട് കൊഹ്ലി. ആർ. അശ്വിനുമായുള്ള ലൈവ് ചാറ്റ് ഷോയിലാണ് കൊഹ്ലി ക്യാപ്ടനെന്ന നിലയിലുള്ള തന്റെ വളർച്ചയ്ക്ക് ഏറെ കടപ്പെട്ടിരിക്കുന്നത് ധോണിയോടാണെന്ന് വെളിപ്പെടുത്തിയത്.
ധോണി നൽകിയ ധൈര്യം
പെട്ടെന്നൊരുനാൾ എന്നോട് ക്യാപ്ടനാകാൻ ആവശ്യപ്പെടുകയായിരുന്നില്ല ധോണി. അദ്ദേഹം എന്നെ ഒരുപാട് നിരീക്ഷിച്ചു. എപ്പോഴും എന്നോട് ആശയവിനിമയം നടത്തുമായിരുന്നു. അദ്ദേഹം നൽകിയ ആത്മവിശ്വാസവും നിർദ്ദേശങ്ങളുമാണ് സമ്മർദ്ദമേതുമില്ലാതെ ടീം ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കാൻ എന്നെ പ്രാപ്തനാക്കിയത്. ധോണി തന്നെയാണ് അദ്ദേഹത്തിന് ശേഷം ടീമിന്റെ നായകസ്ഥാനം എറ്രെടുക്കാൻ എനിക്ക് കഴിയുമെന്ന ധൈര്യം പകർന്നു നൽകിയത്.
കൂട്ടിയിടിച്ചു, ധോണി കലിച്ചു
2012ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഒരു സിംഗിൾ തടയാനുള്ള ശ്രമത്തിനിടെ ഞാൻ രോഹിത്തുമായി കൂട്ടിയിടിച്ച് വീണത് ധോണിക്ക് ഇഷ്ടപ്പെട്ടില്ല. പാകിസ്ഥാൻ ഞങ്ങളുടെ വീഴ്ച മുതലാക്കി മൂന്ന് റൺസ് ഓടിയെടുത്തതാണ് അദ്ദേഹത്തെ ക്രുദ്ധനാക്കിയത്. ഇവൻമാരിതെങ്ങനെയാ കൂട്ടിയിടിച്ചത്, മൂന്ന് റൺസും പോയി എന്ന രീതിയിലായിരുന്നു ധോണിയുടെ പ്രതികരണം. നീയാണ് (അശ്വിനോട്) ബാൾ ചെയ്തതെന്നാണ് ഓർമ്മ. ഞാൻ ഡീപ് മിഡ് വിക്കറ്റിലും രോഹിത് ഡീപ് സ്ക്വയർ ലെഗ്ഗിലും ഫീൽഡ് ചെയ്യുകയായിരുന്നു. ഉമർ അക്മൽ അടിച്ച പന്ത് പിടിച്ചെടുക്കാൻ ഓടിയപ്പോഴാണ് ഞാനും രോഹിതും കൂട്ടിയിടിച്ചത്. എന്റെ തലയുടെ ഒരു ഭാഗം രോഹിതിന്റെ തോളിൽ ഇടിക്കുകയായിരുന്നു. വലിയ പരിക്ക് പറ്രിയില്ലെങ്കിലും കുറച്ച് നേരത്തേക്ക് സ്ഥലകാല ബോധമില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് പാക് താരങ്ങൾ മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. ഇർഫാൻ പത്താനാണ് ഞങ്ങൾ കൈവിട്ട പന്ത് ഓടിയെടുത്തത്.പാകിസ്ഥാൻ 329 റൺസിന്റെ മികച്ച വിജയ ലക്ഷ്യം പടുത്തുയർത്തിയെങ്കിലും എന്റെ സെഞ്ച്വറിയും സച്ചിന്റെയും രോഹിതിന്റെയും അർദ്ധ സെഞ്ച്വറികളും ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്നറിയില്ല
കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നോ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ ഒരു പിടിയുമില്ല. പരിശീലസമയത്ത് പോലും മുൻ കരുതലുകൾ എടുക്കേണ്ടി വന്നേക്കാം. കുറെ നാളുകൾക്ക് ശേഷം കാണുന്ന സുഹൃത്തുക്കളോട് അടുത്ത് ഇടപഴകാനാകാതെ കൈയും കെട്ടി മാറിനിൽക്കേണ്ട അവസ്ഥ വന്നേക്കാം. ബുദ്ധിമുട്ടാണെങ്കിലും ഇതെല്ലാം നമ്മൾ പാലിച്ചേ പറ്റൂ.