cpi

ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ഇരുപതിലധികം നേതാക്കൾക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ പൊലീസാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിൽ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ പങ്കെടുത്തത്‌. അതേസമയം കരിമണൽ ഖനനത്തിനെതിരെ സംസ്ഥാന സർക്കാരിലെ സഖ്യകക്ഷിയായ സി.പി.ഐയും രംഗത്ത് വന്നിരുന്നു.

പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം ഉന്നയിച്ചത്. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞിരുന്നു.

പൊഴിമുറിക്കലിന്‍റെ മറവിൽ നടക്കുന്നത് കരിമണൽ കടത്താണെന്നും കുട്ടനാടിന്‍റെ രക്ഷയ്ക്ക് ഇപ്പോഴത്തെ ജോലികൾ ഉപകരിക്കില്ലെന്നും സി.പി.ഐ നിലപാടെടുത്തിരുന്നു.ഖനനം നിർത്തിവയ്ക്കണമെന്നും പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഖനനം അനുവദിക്കില്ലെന്നും സി.പി.ഐ വ്യക്തമാക്കി.