uae

അബുദാബി: യു.എ.ഇയിൽ കൊവിഡ് 19 രോഗം മൂലമുണ്ടായ നിശ്ചലാവസ്ഥയ്ക്ക് പിന്നാലെ രാജ്യത്തെ സാമ്പത്തിക രംഗം വീണ്ടും കരുത്ത് നേടാനൊരുങ്ങുന്ന വേളയിൽ പ്രതീക്ഷയുടെ സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം. യു.എ.ഇയിലെ സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും ഓഫീസുകളിലെത്തിയ ആദ്യ ദിനമായ ഇന്ന്, പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

വിർച്വൽ മന്ത്രിസഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ഓഫീസികളിൽ തിരികെയെത്തുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട നടപടികളും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും അദ്ദേഹം ചർച്ച ചെയ്തു. സ്മാർട്ട് ജുഡീഷ്യൽ സേവനങ്ങൾ മെച്ചപ്പെടുത്താനും സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ സമീപഭാവിയിലെ കാര്യങ്ങൾ പഠിക്കാനും രണ്ട് സംഘങ്ങളെ നിയോഗിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം അറിയിച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകൾ:

‘നമ്മൾ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. എല്ലാ കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണം. ആരോഗ്യമാണ് നമുക്ക് ഏറ്റവും പ്രധാനം. അതേസമയം, സാമ്പത്തിക രംഗത്തെ തുടർച്ചയും നമ്മുടെ പ്രായോഗിക ലക്ഷ്യമാണ്. ജീവിതം മുന്നോട്ടുപോവുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടും. നമുക്ക് ലഭിച്ച അനുഭവങ്ങൾ നമ്മളെ കരുത്തരാക്കിയിരിക്കുന്നു. കൂടുതൽ വേഗം മുന്നോട്ടു കുതിക്കാനുള്ള പ്രചോദനവും ലഭിച്ചു. ഭാവിയെ നേരിടുക പുതിയ ആവേശത്തോടെയും ചിന്തകളോടെയുമായിരിക്കും. കൂടുതൽ ഉർജസ്വലതയോടെ സുഗമമായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കും.’