ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഒമ്പതിൽ നിന്ന് എട്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യ. ജർമ്മനിയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. ശനിയാഴ്ചത്തെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 1.85,398 രോഗികളാണുള്ളത്. 5,266 പേർരോഗംബാധിച്ച് മരിച്ചുകഴിഞ്ഞു. ജർമ്മനിയിൽ 1.83 ലക്ഷം രോഗികളാണുള്ളത്. 8602 പേർ ഇവിടെ മരിച്ചു.
അമേരിക്ക (18 ലക്ഷം), ബ്രസീൽ (5.01 ലക്ഷം), റഷ്യ (4.05 ലക്ഷം), സ്പെയിൻ (2.86 ലക്ഷം), ബ്രിട്ടൻ (2.72 ലക്ഷം), ഇറ്റലി (2.32 ലക്ഷം), ഫ്രാൻസ് (1.88 ലക്ഷം) എന്നിവയാണ് കൊവിഡ് രോഗവ്യാപനത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. 24 മണിക്കൂറിനിടെ രാജ്യത്ത് 8380 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.. ആദ്യമായാണ് രാജ്യത്ത് ഇത്രയും രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്.
നിലവിലെ രോഗവ്യാപനം തുടർന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ഫ്രാൻസിനെ പിന്നിലാക്കി ഏഴാം സ്ഥാനത്തേക്കു കയറുമെന്നും വേൾഡോമീറ്റർ കണക്കുകൾ പറയുന്നു.