മുംബയ്: ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ താനെയിൽ ഗർഭിണി ആട്ടോയിൽ വച്ച് മരിച്ചു. അസ്മ മെഹേന്തി എന്ന 26 കാരിയാണ് മരിച്ചത്
മെയ് 25ന് അർദ്ധരാത്രിയാണ് സംഭവം നടന്നത്. പ്രസവവേദനയെത്തുടർന്ന് അസ്മ കുടുംബാംഗത്തോടൊപ്പം മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങി. ബിലാൽ ഹോസ്പിറ്റലിലാണ് ആദ്യം യുവതി എത്തിയത്. അവിടെ ചികിത്സ നിഷേധിച്ചതോടെ പ്രൈം ക്രിട്ടികെയർ, യൂണിവേഴ്സൽ എന്നീ ആശുപത്രികളെ സമീപിച്ചെങ്കിലും അനുഭവം സമാനമായിരുന്നു. തുടർന്ന്, ആശുപത്രി തേടിയുള്ള യാത്രയ്ക്കിടെ ഓട്ടോയിൽ വെച്ച് തന്നെ യുവതി മരണപ്പെടുകയായിരുന്നു.
കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് മുംബയ് പോലീസ് മൂന്ന് ആശുപത്രികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മുംബയിൽ ജനങ്ങൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആളുകൾ തെരുവിൽ മരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.