ന്യൂഡൽഹി:ഓഫീസ് ചിലവുകൾക്കും സർക്കാർ ഉദ്ധ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതിനായി ഡൽഹി സർക്കാർ കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ടതിനെ പരിഹസിച്ച് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി. ഉപമുഖ്യമന്ത്രി മനോജ് ശിശോദിയ ആണ് കേന്ദ്രസർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. പരസ്യം ചെയ്യുന്നതിന് വേണ്ടിയാണോ ഡൽഹി സർക്കാർ ഇത്രയും പണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്റെ പരിഹാസം.
മുൻപ് സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് കിടക്കാനായി ആശുപത്രികളിൽ ആവശ്യത്തിന് കട്ടിലുകൾ ഇല്ലെന്ന് കാട്ടി അരവിന്ദ് കേജ്‌രിവാൾ സർക്കാർ പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും പരസ്യങ്ങൾ നൽകിയിരുന്നു. അന്നും ഡൽഹി മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് മനോജ് തിവാരി.
'ജൻ ധൻ അക്കൗണ്ടുകൾ വഴി 790 കോടി രൂപ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾക്കായി 836 കോടി രൂപ, അംഗവൈകല്യമുള്ളവർക്കും വിധവകൾക്കും, മുതിർന്ന പൗരന്മാർക്കുമായി 243 കോടി, അരവിന്ദ് കേജ്‌രിവാൾ ജി, നിങ്ങൾ പരസ്യങ്ങൾക്കായാണോ പണം ആവശ്യപ്പെടുന്നത്?' മനോജ് തിവാരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയിലെ ജനങ്ങളെ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞിരുന്നു. മനോജ് തിവാരിയെ കൂടാതെ ഈസ്റ്റ് ഡൽഹി എം.പി ഗൗതം ഗംഭീറും അരവിന്ദ് കേജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്യം ചെയ്യാനായി പത്രസ്ഥാപനങ്ങളുടെ അച്ചടിയന്ത്രങ്ങൾ വാങ്ങുന്നതിനാണോ ഇത്രയും പണം എന്നായിരുന്നു ഗംഭീറിന്റെ പരിഹാസം.