കൊൽക്കത്ത: സുനിൽ ഛെത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബാളിലെ അടുത്ത സൂപ്പർ സ്റ്റാർ മലയാളി താരം സഹൽ അബ്ദുൾ സമദ് ആയിരിക്കുമെന്ന് സാക്ഷാൽ ബൈചുംഗ് ബൂട്ടിയ.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഇൻസ്റ്രഗ്രാം പേജിലെ ലൈവ് ചാറ്രിനിടെയാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ താരവുമായ ബൂട്ടിയ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഗോൾ നേടുന്ന കാര്യത്തിൽ ഛെത്രിക്ക് ശേഷം ഇന്ത്യയുടെ പ്രധാന താരം സഹൽ അബ്ദുൾ സമദായിരിക്കും. അറ്റാക്കിംഗ് മിഡ് ഫീൽഡറുടെ റോളിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറേക്കൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകൾ പ്രവഹിക്കും – ബൂട്ടിയ പറഞ്ഞു.
ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി മുഖമാണ് സഹൽ. ഗോളടി തുടങ്ങിയാൽ സഹൽ ഇന്ത്യയിലെ ഏറ്രവും മികച്ച ഫിനിഷറാകുമെന്ന കാര്യം ഉറപ്പാണ്. സുനിൽ ഛെത്രിയുടെ സ്ഥാനത്ത് സഹലിനെ അനായാസം പ്രതിഷ്ഠിക്കാം.-ബൂട്ടിയ കൂട്ടിച്ചേർത്തു.
2016–17 സീസണിലെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഹലിന്റെ തലവരമാറ്രിയത്. തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സഹലിനെ സ്വന്തമാക്കി. തകർത്തുകളിച്ച സഹൽ ആദ്യ സീസണിൽ ഐ.എസ്.എല്ലിലെ മികച്ച യുവതാരമായി. 2019ലെ കിംഗ്സ് കപ്പിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സഹൽ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെയും പ്രിയതാരമാണ്.
കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്സ് കോച്ച് ഷട്ടോരിയുടെ ഗെയിംപ്ലാനിൽ വലിയ അവസരങ്ങൾ കിട്ടാത്ത സഹലിൽ പക്ഷേ പുതിയ കോച്ച് കിബു വികുനയ്ക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.